കടമ്പകൾ കടന്നു വീണ്ടും തൃശൂർ പൂരം

Tuesday 16 April 2024 12:13 AM IST

ഏതാനും വർഷങ്ങളായി തൃശൂർ പൂരം നടത്തിപ്പിന് തടസങ്ങൾ വരുന്നത് പതിവാണ്. പൂരത്തിന് മാസങ്ങൾക്ക് മുൻപേ തുടങ്ങും പ്രതിസന്ധികളുടെ പൂരപുറപ്പാട്. എഴുന്നെള്ളിപ്പും വെടിക്കെട്ടുമാണ് എല്ലാ വർഷവും ഉദ്യോഗസ്ഥരുടെ നിബന്ധനകൾക്ക് മുന്നിൽ കുരുങ്ങുന്നത്. വ​നം​വ​കു​പ്പി​ന്റെ​ ​വി​വാ​ദ​മാ​യ​ ​നാ​ട്ടാ​ന​ ​സ​ർ​ക്കു​ല​റാണ് ഈവ‌ർഷം കടമ്പയായത്. സർക്കുലർ വന്നതിന് പിന്നാലെ അത് ​തി​രു​ത്തു​മെ​ന്നും​ ​ഉ​ത്സ​വ​ പ​രി​പാ​ടി​ക​ൾ​ ​ആ​ചാ​ര​മ​നു​സ​രി​ച്ച് ​ന​ട​ത്തു​ന്ന​തി​നാ​ണ് ​പ്ര​ധാ​ന്യ​മെ​ന്നും​ ​വ​നം​വ​കു​പ്പ് ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ വ്യക്തമാക്കിയെങ്കിലും ആശങ്ക ഒഴിഞ്ഞില്ല. ​ ​ആ​ന​ക​ൾ​ ​ഇ​ട​ഞ്ഞ​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​സം​ഭ​വ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​സു​പ്രീംകോ​ട​തി​യെ​ ​അ​റി​യി​ക്കാ​ൻ​ ​വേ​ഗ​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​തി​നാ​ലാ​ണ് ​സ​ത്യ​വാ​ങ്മൂ​ല​ത്തി​നൊ​പ്പം​ ​സ​മ​ർ​പ്പി​ച്ച​ ​സ​ർ​ക്കു​ല​റി​ൽ​ ​അ​പ്രാ​യോ​ഗിക​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​തെ​ന്നും​ ​മ​ന്ത്രി​ ​വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ, പൂ​​​രം​​​ ​​​ആ​​​ന​​​ ​​​എ​​​ഴു​​​ന്ന​​​ള്ളി​​​പ്പ് ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​ആ​​​ശ​​​ങ്ക​​​ൾ​​​ ​​​ദേ​​​വ​​​സ്വം​​​ ​​​മ​​​ന്ത്രി​​​ ​​​കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും​​​ ​​​റ​​​വ​​​ന്യു​​​മ​​​ന്ത്രി​​​ ​​​കെ. ​​​രാ​​​ജ​​​നും​​​ ​​​ഇ​​​ട​​​പെ​​​ട്ട് ​​​പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യി​​​ ​​​കൊ​​​ച്ചി​​​ൻ​​​ ​​​ദേ​​​വ​​​സ്വം​​​ ​​​ബോ​​​ർ​​​ഡ് ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ഡോ.​​​ എം.​​​കെ.​​​ സു​​​ദ​​​ർ​​​ശനും വ്യക്തമാക്കി.

ഒടുവിൽ, പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർ‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നുമാണ് കോടതി ചൂണ്ടിക്കാണിച്ചത്. കഠിനമായ ചൂടാണ് കേരളത്തിലേത്. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദ്ദേശിക്കുന്നത് എന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. നേരത്തെ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു.

19നാണ് തൃശൂർ പൂരം. ഇതിന്റെ ഭാഗമായി 18ന് ആനകളുടെ ഫിറ്റ്നസ് പരിശോധനകൾ നടത്തും. 100 ഓളം ആനകളെ പൂരത്തിന് എഴുന്നള്ളിക്കുക. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിയാണ് ഫിറ്റ്നെസ് പരിശോധനയ്ക്ക് നേതൃത്വം നൽകുക. എന്നാൽ ആനകൾ ഫിറ്റാണെന്ന് ഉറപ്പാക്കേണ്ടത് വനംവകുപ്പിന്റെ ചീഫ് വൈൽഡ്‍ ലൈഫ് വാർഡന്റെ ഉത്തരവാദിത്വമായിരിക്കുമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പലപ്പോഴും ആനകളുടെ ഫിറ്റ്നെസ് ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഉറപ്പാക്കണം. ആനകളുടെ ഫിറ്റ്നെസ് പരിശോധന നടത്തുമ്പോൾ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രസിഡന്റുമാർ അവിടെ ഉണ്ടായിരിക്കണമെന്നും എന്നാൽ‍ പരിശോധനാ കാര്യങ്ങളിൽ ഇടപെടരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം, തങ്ങൾക്ക് ധാരണയുള്ള കാര്യങ്ങൾ അവർക്ക് സമിതിയെ അറിയിക്കാം. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പൂരസ്ഥലത്ത് ഉണ്ടായിരിക്കണം. വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരടങ്ങുന്ന 100 പേരുടെ സ്ക്വാഡായിരിക്കും. ആരെയൊക്കെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നത് വനംവകുപ്പിന് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പൂരം

കൊടിയേറി

തിരഞ്ഞെടുപ്പ് പ്രചാരണം ടോപ് ഗിയറിൽ എത്തിനിൽക്കേയാണ് പൂരം കൊണ്ടാടുന്നത്. ശനിയാഴ്ച ആരവങ്ങളുടെയും ആവേശത്തിന്റെയും അകമ്പടിയിൽ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലുമായി തൃശൂർ പൂരം കൊടിയേറി. 17ന് രാത്രി 7ന് സാമ്പിൾ വെടിക്കെട്ടും 20ന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടക്കും. തിരുവമ്പാടി ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 11.45 ഓടെയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ ദേശക്കാർ ആരവങ്ങളോടെ ഉയർത്തി. പാറമേക്കാവ് ക്ഷേത്രത്തിൽ 12 മണിയോടെ കൊടിയേറി.

തിരുവമ്പാടിയിൽ വൈകിട്ട് പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളിൽ പൂരപ്പതാകകൾ ഉയർത്തി. സിംഹ മുദ്ര‌യുള്ള കൊടിക്കൂറയാണ് ഉയർത്തിയത്. മണികണ്ഠനാലിലും കൊടിയുയർത്തി. പാറമേക്കാവിന്റെ പുറപ്പാടിന് കാശിനാഥൻ തിടമ്പേറ്റി. എട്ട് ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികൾ ഉയർന്നു.18ന് വടക്കുന്നാഥന്റെ തെക്കേനട തുറന്നിടും. പൂരദിനത്തിൽ രാവിലെ ആറുമുതൽ ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. മഠത്തിൽ വരവ് രാവിലെ 11നും ഇലഞ്ഞിത്തറ മേളം 2നും കുടമാറ്റം വൈകിട്ട് 4നും അരങ്ങേറും. പിറ്റേന്ന് പകൽപ്പൂരം കഴിഞ്ഞാൽ ഉച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയും.

തർക്കമില്ലാത്ത

സൗന്ദര്യം

കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് ഏതാണ്ട് 200 വർഷത്തിലേറെ ചരിത്ര പാരമ്പര്യമുണ്ടെന്നതിൽ തർക്കമില്ല. ആ അഭൗമ സൗന്ദര്യത്തിനും തർക്കമില്ല. ആ കൃത്യതയിലും ടൈം മാനേജ്മെന്റിലും തർക്കമില്ല. എങ്ങനെയാണ് തൃശൂർ പൂരം പെരുമ നേടിയത്? ഒറ്റവാക്കിലുത്തരമില്ല. എങ്കിലും ആ പെരുമയുടെ സൗന്ദര്യം ഒന്നു നോക്കാം.
ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷയാത്ര, തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നള്ളത്ത്(മഠത്തിൽ വരവ്), മഠത്തിലെ ചമയങ്ങൾ അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട്....അങ്ങനെയാണ് പൂരം തൃശൂരിൽ പുലർന്ന് പൂത്തുലയുന്നത്.

ചെറു പൂരങ്ങളുടെ സൗന്ദര്യമായി കണിമംഗലം ശാസ്താവ്, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യാനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, കുറ്റൂർ നെയ്തലക്കാവിലമ്മ എന്നീ ദേവീദേവൻമാരുണ്ടാകും. പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറും. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കും.
തൃശൂർ റൗണ്ടിൽ പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്. തൃശിവപേരൂരിലെ മൂന്നു പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വടക്കുന്നാഥൻ ക്ഷേത്രം. ആ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പൂരത്തിന് പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാരുടെ പരസ്പരമുള്ള മൽസരത്തിന്‌ വടക്കുന്നാഥൻ മൂകസാക്ഷിയെന്നാണ് വിശ്വാസം.

തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണെങ്കിലും അവിടെ ദേവിയേയും പ്രാധാന്യത്തോടെ പൂജിക്കുന്നു. തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നത്. തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങളുമുണ്ട്. പന്തലുകളൂം വെടികെട്ടുകളും അവയിൽ പ്രധാനം. പ്രദക്ഷിണ വഴിയിൽ പന്തലുയർത്താ‍ൻ ഇവർക്കേ അവകാശമുള്ളൂ. വെടിക്കെട്ടിനും അവകാശം അവർക്കു മാത്രം.