4650 കോടി രൂപ പിടിച്ചെടുത്തത് ഒരു മാസം കൊണ്ട്, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക

Monday 15 April 2024 7:59 PM IST

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ വിവിധ പരിശോധനകളില്‍ നിന്ന് 4650 കോടി രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിടിച്ചെടുത്ത തുകയെക്കാള്‍ കൂടുതലാണ് ഇതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിച്ച വിവിധ പരിശോധനകളിലാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരിക്കുന്നത്. ഈ മാസം 19ന് (വെള്ളിയാഴ്ച) ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മാര്‍ച്ച് ആദ്യം മുതലുള്ള കണക്കനുസരിച്ച് പ്രതിദിനം 100 കോടിയിലധികം രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിടിച്ചെടുക്കുന്ന രേഖകളില്ലാത്ത പണത്തിന്റെ കണക്കിലെ ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മീഷന്‍ അറിയിച്ചു.

ഫ്ളയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിസ്റ്റിക്സ് നിരീക്ഷണ ടീമുകള്‍, വീഡിയോ വ്യൂവിംഗ് ടീമുകള്‍, അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ ആലപ്പുഴയില്‍ നിന്ന് കണക്കില്ലാതെ കൊണ്ടുവന്ന 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ പണം, മദ്യം, സൗജന്യങ്ങള്‍, മയക്കുമരുന്ന്, എന്നിവയുടെ നീക്കവും വിതരണവും ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ കര്‍ശനമായി നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ഏഴ് ഘട്ടമായിട്ടാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിധിയെഴുതുന്നത്.