മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കണം,​ ഡൽഹി ഹൈക്കോടതിയിൽ ഹർജി

Monday 15 April 2024 8:22 PM IST

ന്യൂഡൽഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഉത്തർപ്രദേശിലെ പിലിഭിട്ടിൽ ഏപ്രിൽ 9ന് മോദി നടത്തിയ പ്രസംഗത്തിൽ ദൈവങ്ങളുടെയും ആരാധനലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടി ആനന്ദ് എസ്. ജോന്ദാലെ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം ആറുവർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനലയങ്ങളുടെയും പേരിൽ മോദി വോട്ട് തേടിയതിനാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു,​ മോദിക്കെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്നും ഹർ‌ജിയിൽ ആവശ്യപ്പെടുന്നു.

ഹിന്ദു- സിഖ് ദൈവങ്ങളുടെ പേരിൽ വോട്ട് തേടുക മാത്രമല്ല,​ പ്രതിപക്ഷ പാർട്ടികൾ മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. നിഷ്‌പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ഇടപെടണം,​ കേന്ദ്രസർക്കാരിന്റെ ഹെലികോപ്ടറിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് മോദി ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.