പശ്ചിമേഷ്യയിൽ തത്കാല ആശ്വാസം, ഇറാന് ഇസ്രയേലിന്റെ തിരിച്ചടി ഉടനുണ്ടാവില്ല

Tuesday 16 April 2024 4:39 AM IST

 യു.എസും യു.എന്നും വിലക്കി  ഇറാൻ മിസൈൽ തകർത്ത് ജോർദാനും

ടെൽ അവീവ്: കോൺസുലേറ്റ് ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ഉടൻ തിരിച്ചടിക്ക് സാദ്ധ്യതയില്ലാത്തത് പശ്ചിമേഷ്യയിൽ ഉടലെടുത്ത പുതിയ ആശങ്കയ്ക്ക് താത്കാലിക ആശ്വാസമായി. ഞായറാഴ്ച പുലർച്ചെയായിരുന്നു തുരുതുരെ മിസൈലുകൾ തൊടുത്തും ഡ്രോണുകൾ ഉപയോഗിച്ചും ഇറാൻ ആക്രമിച്ചത്.

ആക്രമണത്തിനു പിന്നാലെ,​ ഇറാൻ മണ്ണിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ,​ ഉടൻ തിരിച്ചടിച്ചാൽ പിന്തുണയ്ക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതോടെയാണ് ഇസ്രയേൽ നിലപാടിൽ അയവുവന്നത്. ഇസ്രയേൽ സംയമനം പാലിക്കണമെന്ന് വിവിധ ലോകരാജ്യങ്ങളും യു.എന്നും ആവശ്യപ്പെട്ടു. ആക്രമണ പശ്ചാത്തലത്തിൽ അടച്ച ഇസ്രയേലിന്റെയും അയൽ രാജ്യങ്ങളുടെയും വ്യോമപാത ഇന്നലെ വീണ്ടും തുറന്നു.

തങ്ങളുടെ സൈനികദൗത്യം അവസാനിച്ചെന്നും സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വച്ചതെന്നും ഇറാൻ അറിയിച്ചു. ഇസ്രയേൽ തിരിച്ചടിക്ക് മുതിർന്നാൽ മറുപടി ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പു നൽകി. തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ യു.എസ് ബേസുകൾ ആക്രമിക്കുമെന്നും പറഞ്ഞു.

ഇറാൻ ആക്രമണത്തെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ചെറുത്തതിനാൽ ആളപായം ഒഴിവായി. പ്രതിരോധിക്കാൻ യു.എസിന്റെയും യു.കെയുടെയും ഗാസ ആക്രമണത്തോടെ ഉടക്കിനിൽക്കുന്ന ജോർദാന്റെയും സഹായവും ലഭിച്ചു. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് തങ്ങളുടെ വ്യോമപരിധി കടന്ന മിസൈലുകൾ തകർത്തതെന്ന് ജോർദാൻ അറിയിച്ചു.

അര നൂറ്റാണ്ടിനു ശേഷമാണ് ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നത്. ഈ മാസം ഒന്നിനാണ് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തത്. ഇറാന്റെ രണ്ട് ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു.

ഓപ്പറേഷൻ ട്രൂ പ്രോമിസ്

 ഇസ്രയേലിന് തിരിച്ചടി നൽകുമെന്ന് അയത്തുള്ള അലി ഖമനേയി പ്രതിജ്ഞയെടുത്തിരുന്നു

 അതിനാൽ ഇറാൻ സൈന്യം ദൗത്യത്തിന് ' ട്രൂ പ്രോമിസ് ' എന്ന് പേരിട്ടു

 ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30ന് ഡ്രോണുകൾ ഇറാൻ മണ്ണിൽ നിന്ന് 1,000 കിലോമീറ്റർ അകലെ ഇസ്രയേലിലേക്ക്

 ഡ്രോണുകൾ എത്തിച്ചേരാൻ സമയം വേണമെന്നിരിക്കെ, ഒരു മണിക്കൂറിനു ശേഷമാണ് മിസൈലുകൾ വിക്ഷേപിച്ചത്

 യെമനിലെ ഹൂതി, സിറിയയിലെയും ലെബനിലെയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നിന്നും മിസൈലുകൾ

 5 മണിക്കൂർ നീണ്ട ആക്രമണത്തിനിടെ ടെൽ അവീവ് അടക്കം ഇസ്രയേലി നഗരങ്ങളിൽ സ്ഫോടന ശബ്ദം

 നെവാതിം, ഡിമോണ, എയ്‌ലാറ്റ് തുടങ്ങി 720 ഇടങ്ങളിൽ ജാഗ്രത,​ ജനങ്ങളെ ഷെൽട്ടറുകളിലേക്ക് മാറ്റി

ലക്ഷ്യം കാണുംമുമ്പ്

തകർത്ത് ഇസ്രയേൽ

 99 ശതമാനം ഡ്രോൺ / മിസൈലുകൾ ഇസ്രയേൽ തകർത്തു. തങ്ങളുടെ വ്യോമപരിധിയിൽ കടന്നവ ജോർദ്ദാനും ഇറാക്ക്, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്ന് യു.എസും തകർത്തു

 ഇസ്രയേലിലെ അൽ - നഖാബ് മരുഭൂമിയിലെ നെവാതിം എയർബേസിന് കേടുപാട്. അരാദ് പട്ടണത്തിൽ മിസൈൽ അവശിഷ്ടം പതിച്ച് 7 വയസുകാരിക്ക് ഗുരുതര പൊള്ളൽ

ഇറാൻ ഉപയോഗിച്ചത്

 ക്രൂസ് മിസൈൽ: 30

 ബാലിസ്റ്റിക് മിസൈൽ: 110 +

 ഡ്രോൺ: 170

ഇസ്രയേൽ പ്രതിരോധം

യു.എസ് നൽകിയ അത്യാധുനിക എഫ് - 35 യുദ്ധ വിമാനങ്ങൾ

വ്യോമപ്രതിരോധ സംവിധാനങ്ങളായ ​അയൺ ഡോം,​ഡേവി‌ഡ്സ് സ്ലിങ്,​ ആരോ