രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം:അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Tuesday 16 April 2024 1:20 AM IST

ഹരിപ്പാട്: രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി​ച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി​. ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദ്(30) ആണ് പി​ടി​യി​ലായത്. ഡാണാപ്പടി ജംഗ്ഷന് സമീപം വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടു പോകാനാണ് ഇയാൾ ശ്രമിച്ചത്. കുട്ടിയുടെ സഹോദരൻ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ദേവാനന്ദ് കുട്ടിയെ ഉപേക്ഷിച്ച് സമീപത്തുള്ള കടയിൽ കയറി ഒളിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാർത്ഥമാണോ എന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.