ട്രാന്‍സ്‌പോര്‍ട്ട്‌ ഡിപ്പോയിലെ പണാപഹരണം കുറ്റക്കാരെ രക്ഷിക്കാൻ നീക്കം

Tuesday 16 April 2024 1:20 AM IST

ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 1.10 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ആരോപണവിധേയരായ ജീവനക്കാരെ രക്ഷിക്കാൻ നീക്കമെന്ന് ആക്ഷേപം. 2022 ഡിസംബർ 23നാണ് പണം നഷ്ടപ്പെട്ടത്. തുടർന്ന്

എടത്വ പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. പണവുമായി ബാങ്കിൽ പോയ ജീവനക്കാരി ഉൾപ്പടെ പലരും പൊലീസ് നിരീക്ഷണത്തിലാണെങ്കിലും ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ കാരണം അന്വേഷണം ഇഴയുകയാണ്. ഇതിനിടെ ആരോപണ വിധേയരായ ചില ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റവും നൽകി. പൊലീസിന് പുറമേ കെ.എസ്.ആർ.ടി.സി വിജിലൻസ്,​ ഓഡിറ്റ് വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തി എക്‌സിക്യുട്ടീവ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും അതിലും നടപടിയായില്ല. നഷ്ടപ്പെട്ട പണം അടപ്പിച്ച് കുറ്റക്കാരെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ളോയീസ് അസോസിയേഷൻ രംഗത്തെത്തി.

പലതും മറച്ചുവച്ചു

വിവിധ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ജീവനക്കാരി നടന്നുപോകുന്നതുമാത്രമാണ് ലഭിച്ചത്. പണം ബാങ്കിൽ കൊണ്ടുപോകുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പം ഉണ്ടാകണമെന്നാണ് ചട്ടം. എന്നാൽ,​ അത് പാലിക്കപ്പെട്ടില്ല. പണം ബാങ്കിൽ അടയ്ക്കാൻ സ്ഥിരമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ പരിശീലനത്തിന് പോയതിനാലാണ് മറ്റൊരാളെയാണ് ചുമതലപ്പെടുത്തിയത്. എന്നുമാത്രമല്ല,​ പണം നഷ്ടപ്പെട്ട വിവരം ഒരാഴ്ചവരെ അധികൃതർ രഹസ്യമാക്കി സൂക്ഷിക്കുകയും ചെയ്തു.