അഞ്ച് വയസുകാരന്റെ വയറ്റിൽ നിന്ന് ഇരുമ്പാണി പുറത്തെടുത്തു
തൊടുപുഴ: അഞ്ച് വയസുകാരന്റെ വയറ്റിൽ കുടുങ്ങിയ ഇരുമ്പാണി ചാഴികാട്ട് ആശുപത്രിയിൽ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു. വീട്ടുമുറ്റത്ത് കളിയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഇരുമ്പാണി വിഴുങ്ങിപ്പോയ നിലയിലാണ് തൊടുപുഴ മണക്കാട് സ്വദേശിയായ കുട്ടിയെ മാതാപിതാക്കൾ ചാഴികാട്ട് ആശുപത്രിയിലെ അടിയന്തര വിഭാഗത്തിൽ എത്തിക്കുന്നത്. തുടർന്ന് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഡോ. മാത്യൂസ് ജെ. ചൂരയ്ക്കൻ, അനസ്‌തേഷ്യ വിഭാഗം ഡോ. തോമസ് ജോസഫ്, ഡോ. എ. സുനിൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടിക്ക് അനസ്‌തേഷ്യ നൽകി. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. അമൃത പ്രിയ, എൻഡോസ്‌കോപ്പി ടെക്‌നീഷ്യൻസ് ഉണ്ണി, രഞ്ജിത്ത് രാമാനുജൻ, നഴ്‌സിംഗ് സ്റ്റാഫ് ആതിര എന്നിവരടങ്ങുന്ന സംഘവും ചേർന്ന് എൻഡോസ്‌കോപ്പി പ്രക്രിയയിലൂടെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മറ്റപകടങ്ങൾ കൂടാതെ 3 സെന്റിമീറ്റർ നീളം വരുന്ന ആണി സുരക്ഷിതമായി പുറത്തെടുത്തു. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുട്ടി ആശുപത്രി വിട്ടു.