ഇലക്‌ഷൻ: പിടിച്ചത് 4650 കോടിയുടെ പണം,​ ലഹരി വസ്തുക്കൾ

Tuesday 16 April 2024 12:34 AM IST

മുംബയ്: പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം 19ന് നടക്കാനിരിക്കെ,​ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയിൽ രാജ്യത്ത് പിടിച്ചെടുത്തത് 4,650 കോടിയുടെ കണക്കിൽപ്പെടാത്ത പണവും ലഹരി വസ്തുക്കളും. ഇത് സർവകാല റെക്കോഡാണ്. 2019ൽ ആകെ പിടിച്ചെടുത്തത് 3,745 കോടിയാണ്.

ഇത്തവണ റോഡുകളിൽ പരിശോധന കർശനമാണ്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ പ്രധാന ജംഗ്ഷനുകളിലെല്ലാം സ്പെഷ്യൽ സ്ക്വാഡ് ക്യാമ്പ് ചെയ്ത് വാഹനങ്ങൾ പരിശോധിക്കുന്നു. ഹൈവേകളിൽ ഫ്ളൈയിംഗ് സ്ക്വാ‌ഡുകളും സജീവമാണ്. ട്രെയിനുകളിലും പരിശോധനയുണ്ട്. കടലിൽ മീൻപിടിത്ത ബോട്ടുകളുൾപ്പെടെ കോസ്റ്റ് ഗാർഡും പരിശോധിക്കുന്നു. പിടിച്ചെടുത്തതിൽ നാല്പത് ശതമാനം മദ്യവും മയക്കുമരുന്നുമാണ്.