സിസോദിയയ്ക്ക് ജാമ്യമില്ല; അന്യായമെന്ന് അഭിഭാഷകൻ

Tuesday 16 April 2024 12:45 AM IST

ന്യൂഡൽഹി : മദ്യനയക്കേസിൽ ഒരുവർഷത്തിലേറെയായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ നാലാം തവണയും മാറ്റിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അഭിഭാഷകൻ. ഇന്നലെ വാദം പൂർത്തിയാക്കാതെ ശനിയാഴ്ച്ച വീണ്ടും പരിഗണിക്കാനുള്ള ഡൽഹി റോസ് അവന്യു കോടതി തീരുമാനത്തെയാണ് അഭിഭാഷകൻ വിവേക് ജെയിൻ ചോദ്യം ചെയ്തത്. നടപടി അന്യായമാണ്. വിഷയം അനിശ്ചിതമായി നീളുന്നു. സുപ്രീംകോടതി പറഞ്ഞതിനാലാണ് ഫെബ്രുവരിയിൽ വിചാരണക്കോടതിയെ ജാമ്യത്തിനായി സമീപിച്ചതെന്നും ഓർമ്മിപ്പിച്ചു. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി മാർച്ച് ഒൻപതിനും അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം,​ മദ്യനയം നിയമവിരുദ്ധമായി ലാഭമുണ്ടാക്കാനുള്ള ദീർഘകാല നിക്ഷേപമായാണ് പ്രതികൾ കണ്ടതെന്ന് ഇ.ഡി കോടതിയിൽ വാദിച്ചു. അടുത്ത തലമുറയ്ക്കും കൂടി ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ടു. സിസോദിയ മുഖ്യ ആസൂത്രകനാണ്. ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

Advertisement
Advertisement