സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് കെ കെ ശൈലജ
കോഴിക്കോട് : യു.ഡി.എഫും ഷാഫി പറമ്പിലുംവ്യാജപ്രചാരണങ്ങളിലൂടെ തന്നെ തേജോവധം ചെയ്യുന്നതായി വടകര ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ആരോപിച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെ മോശം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നു, കുടുംബ ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും വീണ്ടും പരാതി നൽകുമെന്നും ശൈലജ അറിയിച്ചു. വ്യാജ വീഡിയോ ക്ലിപ്പുകൾഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ്. ഒരു ധാർമ്മിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ആരും വിശ്വസിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.
വടകര കെ.എൽ 18 എന്ന പേജിൽ തന്റെ ചിത്രം മോർഫ് ചെയ്ത അശ്ലീല ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്ന് ശൈലജ പറഞ്ഞു. പാനൂരിലെ ബോംബ് സ്‌ഫോടന കേസിലെ പ്രതിയുമായി നിൽക്കുന്ന ചിത്രം വ്യാജമായി നിർമിച്ചതാണ്. നൗഫൽ കൊട്ടിയത്തോടൊപ്പമുള്ള ചിത്രത്തിൽ പ്രതിയുടെ ഫോട്ടോ വ്യാജമായി ചേർക്കുകയായിരുന്നെന്നും ശൈലജ പറഞ്ഞു.
ഇതെല്ലാം കുടുംബ ഗ്രൂപ്പുകളിലാണ് ആദ്യം എത്തിക്കുന്നത്. കുടുംബങ്ങളുമായുള്ള തന്റെ ബന്ധം തകർക്കാനാണ് ഇത്. ഇത്തരം പ്രചാരണങ്ങളെ കുറിച്ച് പറയുമ്പോൾ തനിക്കൊന്നുമറിയില്ലെന്ന് നിഷ്‌കളങ്കമായി മറുപടി പറയുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി വ്യാജപ്രചാരണം നടത്തുന്നവരോട് അത് വേണ്ടെന്ന് പറയണമെന്നും കെ.,കെ,ശൈലജ ആവശ്യപ്പെട്ടു, വ്യാജപ്രചാരണങ്ങൾക്കെതിരെ ചൊവ്വാഴ്ച തന്നെ പരാതി നൽകുമെന്നും വോട്ടർമാർ ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ശൈലജ പറഞ്ഞു.