നദിയിൽ ബോട്ട് മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾ മരിച്ചു, നിരവധിപേരെ കാണാതായി

Tuesday 16 April 2024 11:32 AM IST

ശ്രീനഗർ: പുഴയിൽ ബോട്ട് മറിഞ്ഞ് നാലുപേർ മരിച്ചു. ശ്രീനഗറിലെ ഝലം നദിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതോളം പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴ കരണം നദിയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. ഇന്നലെ പെയ്‌ത മഴയിൽ ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു. ഇക്കാരണത്താൽ ജമ്മു - ശ്രീനഗർ ദേശീയ പാതയും അടച്ചിരിക്കുകയാണ്.

സംഭവത്തിൽ പ്രതികരണവുമായി ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി എത്തിയിരുന്നു. 'ബത്വാരയിൽ ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. നിരവധി കുട്ടികൾ മരിച്ചു. അവർക്ക് അനുശോചനം അറിയിക്കുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്ന് ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു.' - മെഹബൂബ മുഫ്‌തി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.