കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിൽ തീപിടിത്തം, കംപ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു

Tuesday 16 April 2024 4:10 PM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടിത്തം. പാർലമെന്റ് മന്ദിരത്തിന്റെ നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് തിപിടിത്തമുണ്ടായതെന്ന് അഗ്നിശമനാ സേനയിലെ ഉദ്യേഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഏഴ് ഫയർ ടെൻഡറുകൾ എത്തിച്ചാണ് തീ അണച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

9.20ഓടുകൂടിയാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് തീപിടിച്ചതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്നും 9.35ഓടുകൂടി തീ അണച്ചെന്നും ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിൽ ഒരു സെറോക്സ് മെഷീനും കുറച്ച് കംപ്യൂട്ടറുകളും ചില രേഖകളും കത്തിനശിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അപകടസമയത്ത് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.