വന്ദേഭാരത് ലാഭത്തിലോ നഷ്ടത്തിലോ? ഇതുവരെ എത്ര ആളുകള്‍ യാത്ര ചെയ്തു; വ്യക്തമാക്കി  റെയില്‍വേ

Tuesday 16 April 2024 6:36 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറ്റിയ എന്‍ട്രിയാണ് വന്ദേഭാരത് ട്രെയിനുകള്‍ നടത്തിയതെന്ന കാര്യത്തില്‍ സംശയമില്ല. വേഗതയും ആധുനികതയും ഒത്തുചേരുന്ന ട്രെയിന്‍ റെയില്‍വേ അവതരിപ്പിച്ചപ്പോള്‍ കേരളത്തില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഇരുകയ്യും നീട്ടി വന്ദേഭാരതിനെ സ്വീകരിച്ചു. ഒട്ടുമിക്ക റൂട്ടുകളിലേയും കന്നിയാത്ര ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തുകയും ചെയ്തതോടെ വന്ദേഭാരത് വന്‍ സംഭവമായി മാറി. എന്തിനേറെ പറയുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും വന്ദേഭാരത് ഒരു സുവര്‍ണ നേട്ടമായി എംപിമാര്‍ ഉള്‍പ്പെടെ എടുത്തുപറയുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, കേരളത്തില്‍ രണ്ട് ട്രെയിനുകളും വന്‍ ഹിറ്റാണെങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും അവസ്ഥ അതല്ല. പലയിടത്തും 30 ശതമാനം പോലും സീറ്റുകള്‍ നിറയാത്ത അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ വന്ദേഭാരത് ട്രെയിന്‍ ലാഭത്തിലാണോ അതോ നഷ്ടത്തിലാണോ എന്ന് വ്യക്തമാക്കാന്‍ റെയില്‍വേ തയ്യാറാകുന്നുമില്ല. വന്ദേഭാരത് ട്രെയിനുകളുടെ വരുമാനം സംബന്ധിച്ച് തങ്ങളുടെ കയ്യില്‍ പ്രത്യേകം കണക്കുകളില്ലെന്നാണ് മന്ത്രാലയം പറയുന്നത്.

വിവരാവകാശ നിയമപ്രകാരം മദ്ധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗര്‍ ആണ് വന്ദേഭാരത് ട്രെയിനില്‍ നിന്ന് ലാഭം ലഭിക്കുന്നുണ്ടോയെന്ന് ചോദിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ വന്ദേഭാരത് ട്രെയിനുകളിലൂടെ എത്ര ലാഭം റെയില്‍വേക്ക് ഉണ്ടായി എന്നായിരുന്നു ചോദ്യം. ലാഭമാണോ അതോ നഷ്ടമാണോ സര്‍വീസുകള്‍ കൊണ്ട് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചിരുന്നു.എന്നാല്‍ ഓരോ ട്രെയിനുകളെ സംബന്ധിച്ച ലാഭ-നഷ്ട കണക്ക് സൂക്ഷിക്കുന്നില്ലെന്നാണ് റെയില്‍വെ മറുപടി നല്‍കിയത്.

അതേസമയം, വന്ദേഭാരതില്‍ സഞ്ചരിച്ച ആളുകളുടെ എണ്ണവും ദൂരവും റെയില്‍വേ വ്യക്തമാക്കുന്നുണ്ട്. 2019 ഫെബ്രുവരി 15ന് ന്യൂഡല്‍ഹി - വാരണാസി റൂട്ടിലാണ് ആദ്യമായി ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്ന് നൂറ് റൂട്ടുകളിലായി 102 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് ഓടുന്നത്.24 സംസ്ഥാനങ്ങളിലെ 284 ജില്ലകളിലൂടെ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം സര്‍വീസ് ആരംഭിച്ചതിന് ശേഷം രണ്ട് കോടിയാളുകള്‍ ട്രെയിന്‍ ഉപയോഗപ്പെടുത്തിയതായി റെയില്‍വെ വ്യക്തമാക്കിയിരുന്നു.