ജുഡിഷ്യറിക്കെതിരെ ആസൂത്രിത നീക്കം

Wednesday 17 April 2024 12:28 AM IST

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തമായ നെടുംതൂണുകളിലൊന്നാണ് ജുഡിഷ്യറി. ഭരണാധികാരികളിൽ നിന്നുണ്ടാകുന്ന തെറ്റായ നടപടകൾക്കെതിരെ ഏതൊരു ഇന്ത്യൻ പൗരനും സമീപിക്കാനാവുന്ന അത്താണികളാണ് കോടതികൾ. ഇനി പാർലമെന്റ് പാസാക്കിയ നിയമമാണെങ്കിൽപ്പോലും,​ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെങ്കിൽ അത് റദ്ദാക്കാനും സുപ്രീംകോടതിക്ക് അധികാരമുണ്ട്. പൊതുതാത്പര്യ ഹർജിയുടെയും മറ്റും ആവിർഭാവത്തിനു ശേഷം സക്രിയമായി വിവിധ കോടതികൾക്ക് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പലതിനും പരിഹാരമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട് എന്നത് എവർക്കും ബോദ്ധ്യമുള്ള വസ്തുതയാണ്. രാഷ്ട്രീയ നേതാക്കളുമായും അതിസമ്പന്നമാരുമായും മറ്റും ബന്ധമുള്ള കേസുകൾ ജനശ്രദ്ധ പിടിച്ചുപറ്റുക സ്വാഭാവികമാണ്. മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മറ്റും ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പലതരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു വരികയും ചെയ്യും,​

ഇതിൽ ചിലത് സത്യത്തിലേക്ക് വെളിച്ചം വീശുന്നവയായിരിക്കാം. മറ്റു ചിലതാകട്ടെ,​ സത്യത്തെ മൂടിവയ്ക്കാനായി മനഃപ്പൂർവം കെട്ടിച്ചമച്ചതുമാകാം. ഇതൊന്നും കോടതികളെ സ്വാധീനിക്കാൻ പാടില്ലെന്നാണ് വയ്പ്പെങ്കിലും കോടതികളെ വിമർശിക്കുന്ന ചില റിപ്പോർട്ടുകളും പ്രചാരണങ്ങളും സാമൂഹിക ജീവികൾ എന്ന നിലയിൽ ജഡ്ജിമാരെയും സമ്മർദ്ദത്തിലാക്കാൻ പോന്നവയാണ്. വിധിന്യായത്തെ വിമർശിക്കാൻ പാടില്ലെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല. എന്നാൽ വിധിയെഴുതിയ വ്യക്തിയെ അവഹേളിക്കാൻ പാടില്ല. അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരിൽ അത് അനുവദിച്ചാൽ കോടതികളുടെ നിലനിൽപ്പുതന്നെ അപകടത്തിലാവും. ഒന്നാമത്,​ ഒരു ജഡ്ജിക്കും തനിക്കെതിരെ ഉയരുന്ന ആരോപണത്തിന് മറുപടി പറയാൻ സ്വാതന്ത്ര്യമില്ല. അതിനാൽത്തന്നെ കേസുകൾ കേൾക്കുകയും വിധിപറയുകയും ചെയ്യുന്ന ന്യായാധിപന്മാരെ വിവരമുള്ളവരാരും അധിക്ഷേപിക്കാറില്ല. എന്നാൽ ഇതിനു വിരുദ്ധമായ പല പ്രവണതകളും അടുത്തകാലത്തായി കണ്ടുവരുന്നുണ്ട്.

ഒരു കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നു തോന്നുന്നവർക്ക് മേൽക്കോടതികളെ സമീപിക്കാവുന്നതാണ്. അല്ലാതെ വിധിപറഞ്ഞ കോടതിയെ പരോക്ഷമായി ചെളിവാരി എറിയുകയല്ല വേണ്ടത്. ഇത്തരം നീക്കങ്ങൾ മുളയിലേ നുള്ളിക്കളയേണ്ടതാണ്. പൊതുമദ്ധ്യത്തിൽ അവഹേളിച്ച് സമ്മർദ്ദത്തിലാക്കി ജുഡിഷ്യറിയുടെ പവിത്രത തകർക്കാൻ നിക്ഷിപ്ത താത്പര്യക്കാർ ആസൂത്രിത നീക്കം നടത്തുന്നതായി ആരോപിച്ച് ചീഫ് ജിസ്റ്റിസ് ഡി.വെെ. ചന്ദ്രചൂഡിന് 21 റിട്ട. ജഡ്‌ജിമാർ കത്തു നൽകിയിരിക്കുന്നത് ഗൗരവമായി കാണേണ്ടതാണ്. സങ്കുചിത രാഷ്ട്രീയ- വ്യക്തി താത്പര്യങ്ങളുള്ള സംഘങ്ങൾ നീതിന്യായ വ്യവസ്ഥയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം തകർക്കാൻ ശ്രമിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. ഇതു തടയാൻ ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വർമ്മ, കൃഷ്ണമുരാരി, എം.ആർ ഷാ, കേരള ഹെെക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ തുടങ്ങി 21 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

ഇതേ ആശങ്ക പങ്കുവച്ച് നേരത്തേ അറുന്നൂറിലധികം അഭിഭാഷകർ കത്തയച്ചിരുന്നു. വിരമിച്ച ജഡ്ജിമാർ ഇതേ ആരോപണം ഉന്നയിക്കുമ്പോൾ അത് അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാണെന്നത് കണക്കിലെടുക്കാതിരിക്കാനാവില്ല. ആരുടെയും പേരൊന്നും എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മദ്യനയ കേസിലെ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ച ദിവസമാണ് കത്തെന്നത് ശ്രദ്ധേയമാണ്. തങ്ങൾക്കു താത്പര്യമുള്ള കേസുകളിൽ കോടതിയെക്കൊണ്ട് അനുകൂല നിലപാടെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് ബാഹ്യശക്തികൾ നടത്തുന്നതെന്നാണ് കത്തിലെ മറ്റൊരു ഗുരുതരമായ ആരോപണം. ഇതു കണക്കിലെടുത്ത് ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവം നിലനിറുത്താനും വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകാൻ അമാന്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.