ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; ശങ്ക‌ർ റാവുവടക്കം 29 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്ക്

Tuesday 16 April 2024 7:39 PM IST

ന്യൂഡൽഹി: മുതിർന്ന നേതാവ് ശങ്കർ റാവുവടക്കം 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഛത്തീസ്‌ഗഡിലെ കൺകെർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആയുധങ്ങളുടെ വൻശേഖരവും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് എ.കെ 47 തോക്കുകൾ, മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകൾ എന്നിവ ഇക്കൂട്ടത്തിലുണ്ട്. തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോയിസ്റ്റ് നേതാവാണ് ശങ്കർ റാവു.

മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിവയ്‌പ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് കാലിലാണ് വെടിയേറ്റത്. ഛോട്ടെ ബേട്ടിയാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിനഗുണ്ട ഗ്രാമത്തിന് സമീപത്തെ വനത്തിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. അതിർത്തി രക്ഷാ സേനയും ജില്ലാ റിസർവ് ഗാർഡും ചേർന്നുള്ള പ്രത്യേക സേനയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

ഉച്ചയ്‌ക്ക് ഏകദേശം രണ്ടുമണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സുരക്ഷാസേനയുടെ തിരച്ചിലിനിടെയാണ് സംഭവം. കഴിഞ്ഞമാസവും ഇത്തരത്തിൽ ജില്ലയിൽ മാവോയിസ്റ്റ്-സുരക്ഷാസേന ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഒരു സുരക്ഷാ സൈനികനും വീരചരമമടഞ്ഞു. ഒരു തോക്കും വിവിധ ആയുധങ്ങളും ലഘുലേഖകളും ഇവിടെനിന്ന് പിടിച്ചെടുത്തതായി സുരക്ഷാസേന അറിയിച്ചു. കാംഗറിൽ ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഒരു തിരഞ്ഞെടുപ്പിനിടയിലും മാവോയിസ്റ്റ്- സുരക്ഷാസേന ഏറ്റുമുട്ടൽ നടന്നിരുന്നു.