പെട്രോൾ പമ്പിൽ ഗൂഗിൾ പേ പ്രവർത്തനരഹിതം, അക്രമം അഴിച്ചുവിട്ട് യുവാക്കൾ

Wednesday 17 April 2024 1:51 AM IST

തലയോലപ്പറമ്പ്: പെട്രോൾ പമ്പിലെ ഗൂഗിൾ പേ പ്രവർത്തനരഹിതമെന്ന് പറഞ്ഞതിൽ പ്രകോപിതരായി ബൈക്കിലെത്തിയ രണ്ടംഗസംഘം പമ്പ് ജീവനക്കാരനെയും വഴിയിൽ നിന്ന മറ്റൊരാളെയും ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. തലയോലപ്പറമ്പ് ഇല്ലിതൊണ്ടിന് സമീപം കല്ലോലിക്കൽ ഫ്യൂവൽസിലെ ജീവനക്കാരൻ ലൂക്കോസ് (അപ്പച്ചൻ-65), പ്രദേശവാസിയായ തലയോലപ്പറമ്പ് ഉമ്മാംകുന്ന് വള്ളിക്കുന്ന് കാലായിൽ വി.പി.ഷാ (46) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് വടകര സ്വദേശികളായ അജയ് സജി (24), ആഷിക് കെ.ബാബു (24) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. ലൂക്കോസിനെ തള്ളി നിലത്തിട്ട ശേഷം മർദ്ദിക്കുകയായിരുന്നു. ലൂക്കോസിനെ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ മറ്റ് ജീവനക്കാർ ചേർന്ന് എത്തിക്കുന്നതിനിടെ വീണ്ടും ബൈക്കിലെത്തിയ സംഘം തലയോലപ്പറമ്പ് മിനിസിവിൽ സ്റ്റേഷന് സമീപം വാഹനം തടഞ്ഞു. ഇതുകണ്ട് ഓടിയെത്തിയ ഷായെ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഷായുടെ പുറത്തും നെഞ്ചിലുമായി 11 തുന്നലുണ്ട്. ഇയാൾ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലൂക്കോസിനെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

നിരവധി കേസുകളിൽ പ്രതികൾ

സംഘത്തിലുണ്ടായിരുന്ന അജയ് സജി കഞ്ചാവ് കേസ് ഉൾപ്പടെ നാലോളം കേസുകളിൽ പ്രതിയാണ്. ആഷിക്കിന്റെ പേരിലും കേസ് നിലവിലുണ്ടെന്ന് തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.