ഇറാനെ ശക്തമായി തിരിച്ചടിക്കും : ഇസ്രയേൽ

Wednesday 17 April 2024 12:44 AM IST

ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേൽ. അതേസമയം, ഇസ്രയേൽ അക്രമിച്ചാൽ ഉടൻ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ മുന്നറിയിപ്പ് നൽകി. ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഇസ്രയേലിനെതിരെ ഉപയോഗിക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ വിദേശനയ സമിതിയുടെ വക്താവും പറഞ്ഞു. അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയും മന്ത്രിസഭ വിളിച്ചു കൂട്ടി. ഇസ്രയേൽ സാഹസത്തിന് മുതിർന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന് ടെഹ്റാൻ അറിയിച്ചു. ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ടെഹ്‌റാനെ അനുവദിക്കില്ലെന്ന് ഇസ്രയേൽ വാർ കാബിനറ്റ് വ്യക്തമാക്കി.

അപലപിച്ച് ലോകം

ഇസ്രയേലിനെ നേരിട്ടാക്രമിച്ച ഇറാന്റെ നടപടിയെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനുള്ള ശേഷിയില്ലെന്നും സംഘർഷം വഷളാക്കാതെ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എൻ. രക്ഷാസമിതി ഞായറാഴ്ച അടിയന്തരയോഗം ചേർന്നു. യു.എസ്., കാനഡ, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ പ്രമുഖരാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.

ഇസ്രയേലിന് ചെലവ് 55 കോടി ഡോളർ

ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ (4600 കോടിയോളം രൂപ). ഡേവിഡ് സ്ളിങ് വ്യോമപ്രതിരോധമാണ് ഇസ്രയേൽ പ്രധാനമായും ഉപയോഗിച്ചത്. ഇന്ധനത്തിന്റെയും മറ്റ് ആയുധങ്ങളുടെയും ചെലവുമുൾപ്പെടുന്നു. 100 ഇസ്രയേലി യുദ്ധവിമാനങ്ങൾ ആറുമണിക്കൂറാണ് ആകാശത്ത് പറന്നത്.

ഇറാന്റെ മിന്നലാക്രമണം കാര്യമായ നാശനഷ്ടങ്ങളില്ലാതെ പ്രതിരോധിക്കാൻ ഇസ്രയേലിനെ സഹായിച്ചത് ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ മികവാണ്.അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളുമാണ്. അതിൽ 99 ശതമാനവും തടഞ്ഞെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

ആക്രമണത്തിന് തൊട്ടുമുമ്പ്

എയർ ഇന്ത്യ വിമാനങ്ങൾ

ഇസ്രയേലിനുനേരെ ഇറാൻ വ്യോമാക്രമണം നടത്തുന്നതിന് രണ്ട് മണിക്കൂറിനു മുമ്പ് ഇറാന്റെ വ്യോമാതിർത്തിയിലൂടെ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ കടന്നുപോയെന്ന് റിപ്പോർട്ട്. നിരവധി യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ടാണിത്. എയർ ഇന്ത്യ വിമാനങ്ങളായ 116, 131 എന്നിവയാണ് ഇറാൻ വ്യോമാതിർത്തിയിലൂടെ സഞ്ചരിച്ചത്.

116 വിമാനം ന്യൂ യോർക്കിൽ നിന്ന് മുംബയിലേക്കും, 131 മുംബയിൽ നിന്ന് ലണ്ടനിലേക്കുമുള്ള യാത്രയിലായിരുന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചകൾക്കുമില്ലെന്നും എയർ ഇന്ത്യ പ്രതികരിച്ചു. മലേഷ്യ എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് വിമാനങ്ങളും ഇറാൻ വ്യോമാതിർത്തിയിലൂടെ പോയി.

Advertisement
Advertisement