കെ.ജി.ജയൻ,​ ചക്കുളത്തമ്മയുടെ നിത്യഭക്തൻ

Wednesday 17 April 2024 1:45 AM IST

ആലപ്പുഴ: ചക്കുളത്ത് അമ്മയുടെ ഉണർത്തു പാട്ടിന് ഈണം നൽകിയ നിത്യഭക്തനാണ് വിടവാങ്ങിയ കെ.ജി.ജയൻ. ശാസ്ത്രീയ സംഗീത രംഗത്തും ഭക്തിഗാനരംഗത്തും നിറ സാന്നിദ്ധമായിരുന്ന കെ.ജി.ജയൻ,​ 1997ൽ ആണ് ആദ്യമായി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതും ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുമായി പരിചയപ്പെട്ടതും. അന്ന് തുടങ്ങിയ ആത്മബന്ധം ജീവിതാവസാനംവരെ തുടർന്നുവെന്ന് മാത്രമല്ല,​ മണിക്കുട്ടൻ നമ്പൂതിരി രചിച്ച ദേവീസൂക്തങ്ങൾക്കും ചക്കുളത്തമ്മയുടെ ഉണർത്തുപാട്ടിനും ഈണവും ആലാപനവും നിർവഹിച്ചതും അദ്ദേഹമായിരുന്നു. തുടർന്ന്,​

നൂറിലേറെ ദേവീസ്തുതികൾക്ക് കെ.ജി ജയൻ സംഗീതവും നിർവഹിച്ചു. കെ.ജെ.യേശുദാസ് പാടിയ മലയാളകത്തമ്മ, ശ്രീചക്കുളത്തു കാവിലമ്മ, എം.ജി.ശ്രീകുമാർ പാടിയ കേദാരം, കുങ്കുമം എന്നിവയാണ് ഇവയിൽ ശ്രദ്ധേയം. മണിക്കുട്ടൻ നമ്പൂതിരി, കെ.ജി.ജയൻ, കലവൂർ ബാലൻ, എസ്.രമേശൻ നായർ കൂട്ടുകെട്ടിൽ നിരവധി ഭകതിഗാനങ്ങളാണ് അങ്ങനെ പിറന്നത്.

2001ൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീചക്കുളത്തമ്മ സ്വരവർഷ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

മണിക്കുട്ടൻ നമ്പൂതിരിയുമായി 27വർഷത്തെ പരിചയവും ബന്ധവുമാണ് ജയനുണ്ടായിരുന്നത്. ഇരുവരും അടുത്ത കുടുംബസുഹൃത്തുക്കളായിരുന്നു. സകുടുംബം ഇരുവരും വീടുകൾ സന്ദർശിക്കുന്നത് പതിവായിരുന്നു. മണിക്കുട്ടൻ നമ്പൂതിരിയുടെ മകൾ ഡോ.ദേവി ഉണ്ണിമായയുടെ ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും അരങ്ങേറ്റം ഉദ്ഘാടനം ചെയ്തതും ജയനായിരുന്നു.

2022ലാണ് കെ.ജി ജയൻ ചക്കുളത്തമ്മയെ കാണാൻ അവസാനമായി എത്തിയത്. ആരോഗ്യം അനുവദിച്ചാൽ ഇനിയും എത്താമെന്ന് പറഞ്ഞു മടങ്ങിയ ജയൻ,​ തിരിച്ചുവരാത്ത ലോകത്തേയ്ക്കാണ് പോയതെന്ന് അന്ന് ആരും കരുതിയില്ല. സംഗീതത്തെ ജനകീയനാക്കിയ ആ സംഗീതജ്ഞൻ വേർപാടിൽ ക്ഷേത്ര ട്രസ്റ്റ് യോഗം അനുശോചിച്ചു.

Advertisement
Advertisement