ലക്ഷദ്വീപിൽ ഇന്ന് കലാശക്കൊട്ട്; 19ന് പോളിംഗ് ബൂത്തിലേക്ക്

Wednesday 17 April 2024 12:30 AM IST

കൊച്ചി: ഓരോ വോട്ടിനും 'വലിയ വിലയുള്ള" ലക്ഷദ്വീപ് 19ന് പോളിംഗ് ബൂത്തിലേക്ക്. രാജ്യത്തെ ഏറ്റവും ചെറിയ പാ‌ർലമെന്റ് മണ്ഡലമായ ലക്ഷദ്വീപിൽ അരലക്ഷം വോട്ടർമാരേയുള്ളൂ. മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് ആർഭാടങ്ങളില്ലാതെ റാലികളും അനൗൺസ്‌മെന്റുകളുമായി ഇന്ന് ദ്വീപുകളിൽ നടക്കും.

റംസാൻ നോമ്പായതിനാൽ വീടുകയറിയുള്ള വോട്ടഭ്യർത്ഥനയായിരുന്നു പ്രധാനം. സ്റ്റേജ് കെട്ടിയുള്ള പരിപാടികളോ തിരഞ്ഞെടുപ്പ് കൺവെൻഷനുകളോ നടന്നിരുന്നില്ല. കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സഈദ് (കൈപ്പത്തി), എം.പിയും എൻ.സി.പി (എസ്) സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഫൈസൽ (കാഹളം മുഴക്കുന്ന മനുഷ്യൻ), എൻ.ഡി.എയെ പിന്തുണക്കുന്ന എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി. യൂസുഫ് (ഘടികാരം), സ്വതന്ത്ര സ്ഥാനാർത്ഥി കോയ (കപ്പൽ) എന്നിവരാണ് മത്സരരംഗത്ത്.

അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ എടുത്തുപറഞ്ഞാണ് മുഹമ്മദ് ഫൈസലും ഹംദുള്ള സഈദും പ്രചാരണം കൊഴുപ്പിച്ചത്. നല്ല ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നാണ് ഇരുവരുടെയും അവകാശവാദം. മദ്രസ അദ്ധ്യാപകനായ ടി.പി. യൂസുഫിന് ശിഷ്യ സമ്പത്തും വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. ലക്ഷദ്വീപിൽ ഏറ്റവും അവസാനം പ്രചാരണം തുടങ്ങിയ യൂസുഫിന് സമയക്കുറവിനാൽ ചില ദ്വീപുകളിൽ പ്രചാരണം നടത്താൻ സാധിച്ചില്ല. ജോലിക്കും പഠനത്തിനുമായി വൻകരയിൽ പോയവരെ നാട്ടിലെത്തിക്കാനുള്ള മുന്നണികളുടെ തയ്യാറെടുപ്പ് അവസാന ഘട്ടത്തിലാണ്.

മുഹമ്മദ് ഫൈസലും ഹംദുള്ള സഈദും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ 823 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹംദുള്ള സഈദിനെതിരെ മുഹമ്മദ് ഫൈസൽ വിജയിച്ചത്. 2019ൽ ജെ.ഡി.യു 1342, സി.പി.എം 420, സി.പി.ഐ 143 എന്നിങ്ങനെ വോട്ട് നേടിയിരുന്നു. ഇത്തവണ ഈ പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ഈ വോട്ടുകൾ എവിടെയെത്തുമെന്നതും നിർണായകമാകും. ബി.ജെ.പിക്ക് ആകെ 125 വോട്ടും നോട്ടയിൽ 100 വോട്ടുമാണ് ലഭിച്ചത്.

57,784 വോട്ടർമാർ,

55 ബൂത്തുകൾ

ആകെ 57,784 വോട്ടർമാരാണ് ദ്വീപിലുള്ളത്. പത്ത് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലായി 29,278 പുരുഷന്മാരും 28,506 പേർ സ്ത്രീകളും. 55 പോളിംഗ് സ്റ്റേഷനുകളുള്ള ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ആന്ത്രോത്ത് ദ്വീപിലാണ്. ഒമ്പത് പോളിംഗ് ബൂത്തുകളുള്ള ഇവി​ടെ 5313 പുരുഷന്മാരും 5355 സ്ത്രീകളും വോട്ടർമാരായുണ്ട്. 136 പുരുഷന്മാരും 101 സ്ത്രീകളും വോട്ടർമാരായുള്ള ബിത്രയിലാണ് ഏറ്റവും കുറവ്.

Advertisement
Advertisement