മനുഷ്യന് താമസിക്കാൻ പറ്റുന്ന വേറെ സ്ഥലമുണ്ടോ? നിർണായക പഠനം നടത്താൻ നാസ

Tuesday 16 April 2024 11:57 PM IST

ഭൂമിയിലല്ലാതെ മറ്റൊരിടത്ത് മനുഷ്യവാസ സാദ്ധ്യമായ അന്തരീക്ഷം കണ്ടെത്തുക എന്നത് വാനനിരീക്ഷകരും ഗവേഷകരും നിരന്തരം ശ്രമിക്കുന്ന കാര്യമാണ്. പലപ്പോഴും നേരിയ ജലസാന്നിദ്ധ്യം കണ്ടെത്തി എന്നാലും താമസയോഗ്യമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ഒന്നായ യൂറോപ്പയിലേക്ക് ഇതിന്റെ സൂചനകൾക്കായി പഠിക്കാൻ പോകുകയാണ് നാസ.

അഞ്ച് ബില്യൺ ഡോളർ ചിലവിൽ ക്ലിപ്പർ എന്ന കൃത്രിമോപഗ്രഹം തയ്യാറാക്കിയ നാസ, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്ക് ഈ വർഷം ഒക്‌ടോബറിൽ പര്യവേക്ഷണം ആരംഭിക്കും. ഒരു ഗ്രഹദൗത്യത്തിന് വേണ്ടി നാസ തയ്യാറാക്കിയ ഏറ്റവും വലിയ ബഹിരാകാശ പേടകമാണ് ക്ളിപ്പർ.

വ്യാഴത്തിന്റെ മഞ്ഞിനാൽ മൂടിയ ഉപഗ്രഹമായ യൂറോപ്പയെ പഠിക്കുന്ന ക്ളിപ്പർ ഈ തണുത്ത പ്രതലത്തിന് താഴെ യൂറോപ്പയിൽ ജീവൻ നിലനിർത്തുന്ന സാഹചര്യമുണ്ടോ എന്ന് അറിയും. 100 അടിയ്‌ക്ക് മുകളിൽ വീതിയുള്ള ഏതാണ്ട് ഒരു ബാസ്‌കറ്റ് ബോൾ കോർട്ടിനത്ര വലുപ്പമുള്ള, അഞ്ച് മീറ്റർ ഉയരമുള്ള ഒന്നാണ് ക്ളിപ്പർ. അമേരിക്കയിലെ കെന്നഡി സ്‌പേസ് സ്റ്റേഷനിൽ നിന്നാകും ക്ളിപ്പറുടെ വിക്ഷേപണം.

യൂറോപ്പയുടെ തണുത്തുറഞ്ഞ ഉപരിതലത്തിനടിയിൽ ഒരു ജലംനിറഞ്ഞ സമുദ്രം തന്നെയുണ്ടെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രലോകം. ഇത്തരത്തിൽ പഠനം നടത്തി ലോകോത്ഭവവും അതിന്റെ വികാസവും അറിയുക എന്ന ലക്ഷ്യവും നാസക്കുണ്ട്.ഒക്‌ടോബർ 10ന് പുറപ്പെടുന്ന ക്ളിപ്പർ 2030ഓടെ യൂറോപക്ക് അടുത്തെത്തും.അൻപതോളം തവണ യൂറോപ്പക്ക് സമീപത്തുകൂടി ക്ളിപ്പർ വലയം വയ്‌ക്കും. അങ്ങെനെ യൂറോപ്പയുടെ വിവിധ ആംഗിളുകളിലെ ചിത്രങ്ങളും ഇതിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Advertisement
Advertisement