അഞ്ചടി താഴ്‌ചയിൽ മണ്ണിടിഞ്ഞു;തൊഴിലാളിയെ രക്ഷപ്പെടുത്തി

Wednesday 17 April 2024 3:20 AM IST

തിരുവനന്തപുരം: പൈപ്പ് ലൈൻ കുഴിയിൽ മണ്ണിടിഞ്ഞുവീണ് അപകടത്തിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിലെ അഞ്ചടി താഴ്ചയുള്ള കുഴിയിൽപ്പെട്ട കാട്ടാക്കട സ്വദേശി വിഷ്‌ണുവിനെയാണ് (38) ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് 2.45ഓടെയായിരുന്നു സംഭവം.

കിളിമാനൂർ ന്യൂടെക് കമ്പനി തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. വിഷ്‌ണു കുഴിയിൽ ഇറങ്ങിനിന്ന് പൈപ്പ് ലൈനിടുമ്പോൾ ഇരുവശത്തുനിന്നും മണ്ണിടിഞ്ഞു. മറ്റുള്ളവർ നിലവിളിച്ചതോടെ പ്രദേശത്തുണ്ടായിരുന്നവർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോൾ വിഷ്‌ണുവിന്റെ നെഞ്ചുവരെ മണ്ണിൽ താഴ്ന്ന നിലയിലായിരുന്നു. കൈകൾ കൊണ്ട് മണ്ണ് നീക്കിയാണ് ഇയാളെ പുറത്തെടുത്തത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ഫയർഫോഴ്സ് തിരുവനന്തപുരം സ്റ്റേഷൻ ഓഫീസർ നിധിൻരാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ,​ സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ ഷാഫി.എം,ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അരുൺ കുമാർ,രതീഷ്,അനീഷ്,മഹേഷ്,വിഷ്ണുനാരായണൻ,ശ്രീജിൻ,വിജിൻ,അനു,സവിൻ,വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement
Advertisement