'വീണാ വിജയനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ'; എക്‌‌സാലോജിക് വിഷയത്തിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ

Wednesday 17 April 2024 11:00 AM IST

ആലപ്പുഴ: എക്‌സാലോജിക് വിഷയത്തിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വീണാ വിജയനെ എന്നല്ല, ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയപ്പോഴാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

' ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ സാധിക്കും. പാകിസ്ഥാന്റെ അല്ല, മുസ്ലീം ലീഗിന്റെ കൊടിയാണതെന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാണിക്കണം. എഎം ആരിഫ് ജയിക്കുന്നതോടെ ആലപ്പുഴക്കാർക്ക് രണ്ട് എംപിമാരെ കിട്ടും. ഒന്ന് ലോക്‌‌സഭയിലും ഒന്ന് രാജ്യസഭയിലും.' - എംവി ഗോവിന്ദൻ പറഞ്ഞു.

'ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കുത്തൊഴുക്ക് തടയാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. കേരളത്തിൽ പോലും ഉന്നത നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോകുന്ന കാഴ്‌ചയാണ്. കേരളത്തിൽ വന്നിട്ട് രാഹുൽ ഗാന്ധി പൗരത്വ നിയമത്തെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല. ഇലക്‌ടറൽ ബോണ്ട് വഴിയുള്ള കൊള്ളയടിക്കലിൽ പങ്കാളിയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താഴേത്തട്ടിലെ ഒരു ആർഎസ്‌എസുകാരന്റെ നിലവാരം മാത്രമാണ്.' - എംവി ഗോവിന്ദൻ ആരോപിച്ചു.

നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെസി വേണുഗോപാലാണ് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ സിറ്റിംഗ് എംപിയായ എഎം ആരിഫിനെതിരെ മത്സരിക്കുന്നത്. കെസി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡി നാളെ ആലപ്പുഴ മണ്ഡലത്തിലെത്തും. വൈകിട്ട് നാലിന് കായംകുളത്ത് നിന്ന് ആരംഭിച്ച് കരുനാഗപ്പള്ളിയിൽ സമാപിക്കുന്ന റോഡ്ഷോയിൽ കെസി വേണുഗോപാലിനൊടൊപ്പം അദ്ദേഹവും പങ്കെടുക്കും. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ കെസി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തുമെന്നാണ് വിവരം.

Advertisement
Advertisement