കൈ നഷ്ടമായെങ്കിലും പാർവതി പിന്തിരിഞ്ഞില്ല; എഴുതിയെടുത്തു ഇന്ത്യയിലെ ഏറ്റവും കഠിനമേറിയ പരീക്ഷ, ഇനി സിവിൽ സർവന്റ്

Wednesday 17 April 2024 2:10 PM IST

മുറിച്ചുമാറ്റിയ വലതുകൈയെക്കുറിച്ച് പാടേമറന്ന് ഇടതുകൈ കൊണ്ട് സിവിൽ സർവീസ് പരീക്ഷയെഴുതിയ പാർവ്വതി ഗോപകുമാറിന് 282-ാം റാങ്ക്. അമ്പലപ്പുഴ കോമന അമ്പാടി വീട്ടിൽ കെ.എസ്.ഗോപകുമാർ,​ ശ്രീകല എസ്.നായർ ദമ്പതികളുടെ മുത്ത മകളാണ് നാടിന് അഭിമാനമായിമാറിയ പാർവ്വതി ഗോപകുമാർ.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ സ്കൂട്ടറിനു പിന്നിൽ ഇരുന്ന് യാത്ര ചെയ്യവെ ദേശീയപാതയിൽ വണ്ടാനത്തുവച്ച് കെ.എസ്.ആർ.ടിസി ബസ് തട്ടി താഴെവീണ പാർവ്വതിയുടെ വലതുകൈയിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒന്നര മാസത്തെ ചികിത്സക്കൊടുവിൽ മുട്ടിനു മുകളിൽ കൈ മുറിച്ചുമാറ്റി. പിന്നിട് കൃത്രിമ കൈവച്ചു. എന്നാൽ,​ ഐ.എ.എസ് എടുക്കണമെന്ന പാർവ്വതിയുടെ ആഗ്രഹത്തിന് നിശ്ചലമായ വലതുകൈ ഒരു തടസമായില്ല. ഇടതുകൈ കൊണ്ട് എഴുതി പരിശീലിച്ചു. ആലപ്പുഴ കളക്ടറേറ്റിലെ ഡെപ്യൂട്ടി തഹസീൽദാറായ ഗോപകുമാറും, കാക്കാഴം ഗവ.ഹൈസ്കൂളിലെ അദ്ധ്യാപികയായ അമ്മ ശ്രീകലയും പാർവ്വതിക്കൊപ്പം നിന്നു. എന്നാലും ഗോപകുമാറിന്റെ അമ്മ രമണി ടീച്ചറായിരുന്നു പാർവ്വതിയുടെ പ്രധാന ഉപദേശക.

ചെന്നിത്തല നവോദയ സ്കൂളിൽ നിന്ന് പത്താം ക്ലാസിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ പാർവ്വതി,​ അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫുൾ മാർക്കു നേടിയാണ് പ്ലസ് ടു വിജയിച്ചത്. തുടർന്ന് ബംഗളൂരു ലാ അക്കാഡമിയിൽ നിന്ന് ഉയർന്ന മാർക്കോടെ നിയമബിരുദവും നേടി. തിരുവനന്തപുരം ഫോർച്യൂൺ കോച്ചിംഗ് സെന്ററിലായിരുന്നു സിവിൽ സർവ്വീസ് പരിശീലനം. ആദ്യ തവണ പരാജയപ്പെട്ടെങ്കിലും, തളരാതെ രണ്ടാമതും പരീക്ഷ എഴുതിയാണ് 282 -ാം റാങ്ക് കരസ്ഥമാക്കിയത്. ഇളയ സഹോദരി രേവതി ഗോപകുമാർ പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് പരിശീലനത്തിലാണ്.

Advertisement
Advertisement