അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത് മാത്രം ചെയ്താല്‍ മതി; ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവുമായി എംവിഡി

Wednesday 17 April 2024 2:54 PM IST

ലക്നൗ: വാഹനാപകടങ്ങളും നിരത്തുകളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ദ്ധനവാണ് അപകടനിരക്കില്‍ ഉണ്ടായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കാനാണ് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് ഗതാഗത വകുപ്പ് നിര്‍ദേശിക്കുന്നത്.

കുടുംബ ഫോട്ടോ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ വയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കുടുംബത്തെക്കുറിച്ച് ഓര്‍മ വരുമെന്നും അതിലൂടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നുമാണ് ഗതാഗത വകുപ്പ് കരുതുന്നത്. സംസ്ഥാനത്തെ എല്ലാ ബസുകളിലും സ്വകാര്യ വാഹനങ്ങളിലും കുടുംബത്തിന്റെ ചിത്രം ഡാഷ് ബോര്‍ഡില്‍ സൂക്ഷിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിംഗ് പറഞ്ഞു. ഇക്കാര്യം ഉറപ്പുവരുത്താന്‍ ആര്‍ടിഒമാര്‍ക്കും എആര്‍ടിഒമാര്‍ക്കും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും കത്തയച്ചിട്ടുമുണ്ട്.

ഘട്ടംഘട്ടമായി പുതിയ നിര്‍ദേശം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നേരത്തെ ഈ പരീക്ഷണം നടത്തിയിരുന്നു. ഇവിടെ നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.വെങ്കിടേശ്വര്‍ ലു മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശയം നടപ്പിലാക്കിയ ശേഷം ആന്ധ്രപ്രദേശില്‍ അപകടങ്ങളുടെ നിരക്ക് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സമാനമായ നടപടി ഉത്തര്‍പ്രദേശും സ്വീകരിച്ചത്.

യുപിയില്‍ 2022ല്‍ 22,595 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. 2023ല്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 23,652 ആയി ഉയര്‍ന്നു. അപകടങ്ങളില്‍ 40 ശതമാനവും നടക്കുന്നത് അമിത വേഗം മൂലമാണെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. തെറ്റായ ദിശയിലൂടെ വാഹമോടിക്കുന്നത് കാരണം 12 ശതമാനം അപകടങ്ങളും സംഭവിക്കുന്നു. മൊബൈലില്‍ സംസാരിക്കുന്നതിലൂടെ സംസ്ഥാനത്ത് 10 ശതമാനം അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും ഗതാഗത വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.