ഇന്ത്യന്‍ റെയില്‍വേ അടിമുടി മാറുന്നു, പുത്തന്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ ബോര്‍ഡ് തീരുമാനം

Wednesday 17 April 2024 3:40 PM IST

മുംബയ്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയില്‍ അടിമുടി ഉടച്ചുവാര്‍ക്കല്‍ പുരോഗമിക്കുകയാണ്. ആധുനിക സൗകര്യങ്ങള്‍ രാജ്യത്തെ യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഇന്ത്യന്‍ റെയില്‍വേ ഉദ്ദേശിക്കുന്നത്. സുരക്ഷയ്ക്കും ആധുനികവത്കരണത്തിനും മുന്തിയ പരിഗണനയെന്ന് റെയില്‍വേ മന്ത്രി തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് വലിയ ചുവടുവയ്പ്പ് നടത്തുമ്പോഴും കാലങ്ങളായുള്ള പല പരാതികളും പരിഹരിക്കുന്നില്ലെന്ന ആക്ഷേപവും റെയില്‍വേ നേരിടുന്നുണ്ട്.

അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രെയിന്‍ ടോയ്‌ലെറ്റുകളിലെ വൃത്തിഹീനമായ അവസ്ഥ. മൂക്കുപൊത്താതെ പ്രവേശിക്കാന്‍ കഴിയാത്ത നൂറുകണക്കിന് ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഓടുന്നുണ്ട്. ട്രെയിനുകളിലെ ഈ അവസ്ഥ കാരണം മണിക്കൂറുകള്‍ നീണ്ട യാത്രകളില്‍ സ്ത്രീകളും കുട്ടികളും പോലും ടോയ്‌ലറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് കരുതുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ തങ്ങളുടെ പുത്തന്‍ പരിഷ്‌കരണത്തിലൂടെ.

സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഏറ്റവും വലിയ പരാതിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ടോയ്‌ലെറ്റുകളില്‍ ഡിറ്റക്ടറുകള്‍ ഘടിപ്പിച്ച ശേഷം ദുര്‍ഗന്ധം തിരിച്ചറിയുന്ന സാങ്കോതികവിദ്യയാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഐ.ഒ.ടി അതിഷ്ഠിത സാങ്കേതിക വിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡ് മുന്നോട്ടുവച്ചുകഴിഞ്ഞു.മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വിലിസോ ടെക്‌നേളജീസിനെയാണ് പദ്ധതിയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തുന്നത്.

ആദ്യ ഘട്ടമായി പരീക്ഷണാടിസ്ഥാനത്തില്‍ ചില കോച്ചുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കും. വിജയകരമെന്ന് കണ്ടാല്‍ പിന്നീട് ഇത് വ്യാപിപ്പിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ട്രെയിനിലെ ടോയ്‌ലെറ്റുകളിലെ ദുര്‍ഗന്ധം തിരിച്ചറിയുവാനായി വായു നിരീക്ഷിക്കാനായി സെന്‍സറുകള്‍ സ്ഥാപിക്കും. ഈ സെന്‍സറുകള്‍ സ്മാര്‍ട്ട് സിസ്റ്റവുമായി ബന്ധിപ്പിക്കും.

ഇതിന്റെ വിവരങ്ങള്‍ സിസ്റ്റം സെന്‍ട്രല്‍ ഹബിലേക്ക് കൈമാറ്റം ചെയ്യും. ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രതികരിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം ക്രമീകരിക്കുക.ദുര്‍ഗന്ധം വമിക്കുന്ന വൃത്തിഹീനമായ ടോയ്‌ലെറ്റുകളെ കുറിച്ച് സിസ്റ്റം ശുചീകരണ ജീവനക്കാരെ അറിയിക്കും. ഈ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കണമെന്ന സന്ദേശമാണ് അറിയിക്കുക. ട്രെയിനിന്റെ സമയം നോക്കി അടുത്തുള്ള ക്ലീനിംഗ് സ്റ്റാഫ് ടോയ്‌ലെറ്റ് വൃത്തിയാക്കും. പദ്ധതി വിജയകരമാകുമെന്നും ദുര്‍ഗന്ധം നിയന്ത്രിക്കാനും യാത്രക്കാരുടെ പരാതി പരിഹരിക്കാനും കഴിയുമെന്നാണ് റെയില്‍വേ കരുതുന്നത്.

പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിനൊപ്പം ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും റെയില്‍വേയുടെ ആലോചനയിലുണ്ട്. ടോയ്‌ലെറ്റുകള്‍ക്ക് അകത്തും പുറത്തുമുള്ള വാഷ് ബെയ്‌സിനുകള്‍ വൃത്തിയാക്കുന്നതിനും രാസവസ്തുക്കള്‍ ഉപയോഗിക്കും. ആധുനിക സാങ്കേതിക വിദ്യ രാജ്യത്താകെ ഒരേ സമയം നടപ്പിലാക്കുകയെന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇതുകൂടി പരിഗണിച്ച് പരമ്പരാഗത ശുചീകരണ രീതികളും ശക്തിപ്പെടുത്താന്‍ റെയില്‍വേ ഉദ്ദേശിക്കുന്നു.

Advertisement
Advertisement