അവശ്യസർവീസല്ലേ, ചൂടിൽ മാറി നിൽക്കാൻ കഴിയില്ലല്ലോ

Thursday 18 April 2024 8:21 PM IST

കോട്ടയം: ചുട്ടു പൊള്ളുമ്പോഴും പൊരിവെയിലിലാണ് അവശ്യ സർവീസുകാർ. ട്രാഫിക് പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കെട്ടിട നിർമ്മാണ തൊഴിലാളികളും ഉൾപ്പെടെയുള്ളവരുടേതാണീ അവസ്ഥ.

ജില്ലയിലെ ട്രാഫിക് പൊലീസുകാരുടേയും ഹോം ഗാർഡുകളുടേയും കൈകൾക്ക് രണ്ട് നിറമാണ്. യൂണിഫോമിന്റെ താഴേയ്ക്ക് വെയിലുകൊണ്ട കരുവാളിപ്പും യൂണിഫോമുള്ള ഭാഗത്ത് സ്വാഭാവിക നിറവും. രാവിലെ എട്ടരയോടെ വെയിൽ തുടങ്ങും. 4.30വരെ അവസ്ഥ പരിതാപകരം. പരമാവധി മൂന്ന് മണിക്കൂറാണ് തുടർച്ചയായി ജോലി ചെയ്യേണ്ടത്. പലരും ഇതിനിടെ തളരും. സഹപ്രവർത്തകർ ആവശ്യത്തിന് വെള്ളമെത്തിച്ച് നൽകി സഹായിക്കും. നേരിട്ട് വെയിലടിക്കാതിരിക്കാനുള്ള ഗ്ലൗസുകളും മാസ്‌ക്കുമെല്ലാം ധരിക്കുന്നവരുമുണ്ട്.

 കെ.എസ്.ഇ.ബി ജീവനക്കാർ

കെ.എസ്.ഇബി ജീവനക്കാർക്ക് ഉച്ചയ്ക്ക് 12നു ശേഷം തുറസായ സ്ഥലത്തെ ജോലി ഒഴിവാക്കിയിട്ടുണ്ടെങ്കിലും നടപ്പാകാറില്ല. ചൂടിൽ വൈദ്യുതി ഉപയോഗം കൂടിയതിനാൽ വൈദ്യുതക്കമ്പി പൊട്ടുന്നത് പതിവായിട്ടുണ്ട്. പെട്ടെന്നുതന്നെ ഇവ ശരിയാക്കാൻ ശ്രമിക്കുന്നതിനാൽ വെയിൽ കൊള്ളരുതെന്ന നിർദേശമൊന്നും പ്രാവർത്തികമാകാറില്ലെന്ന് ജീവനക്കാർ പറയുന്നു. ഏറെയും കരാർ ജീവനക്കാരാണ്. ഇതിനിടെ ധാരാളം വെള്ളം കുടിക്കുന്നതു മാത്രമാണ് ആശ്വാസം.

ശുചീകരണ തൊഴിലാളികൾ

ശുചീകരണ തൊഴിലാളികൾ രാവിലെ ജോലി തുടങ്ങുമ്പോൾ വെയിലില്ലെങ്കിലും അവസാനിപ്പിക്കുമ്പോഴേയ്ക്കും പൊരിഞ്ഞ ചൂടാവും. വിശ്രമിക്കാനായി ക്വാർട്ടേഴ്സുകളോ വിശ്രമസ്ഥലങ്ങളോ നഗരസഭ ഒരുക്കുന്നുമില്ല.

നിർമ്മാണ മേഖലയിലും സ്ഥിതി വ്യത്യസ്ഥമല്ല. ചൂടിന്റെ പേരിൽ മാറി നിന്നാൽ പണി ഇഴയുമെന്നതാണ് പ്രധാന വെല്ലുവിളി. സമയക്രമം നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ പൊരിവെയിലത്തും നിർമ്മാണ തൊഴിലാളികൾ ജോലി ചെയ്യണം.

കോട്ടയത്ത് ശരാശരി ചൂട് 36

ആരോഗ്യ വകുപ്പിന്റെ നിർദേശം
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയെ കരുതണം

 ചൂടിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ടാവുന്നത് വ്യാപകം

 വിയർപ്പടിഞ്ഞ് ചൊറിച്ചിലും ഫംഗൽ ഇൻഫെക്ഷനും സാദ്ധ്യത

Advertisement
Advertisement