ലോറിയുടെ ഫുട്ബോർഡിൽ കിലോമീറ്ററുകളോളം തൂങ്ങിനിന്ന് യുവാവ്, ടയറിനടിയിൽ ബൈക്കും, അന്വേഷണം ആരംഭിച്ച് പൊലീസ്

Wednesday 17 April 2024 8:33 PM IST

ഹൈദരാബാദ്: അപകടമുണ്ടാക്കിയ ലോറിയിൽ കിലോമീറ്ററുകളോളം തൂങ്ങിക്കിടന്ന് യുവാവിന്റെ യാത്ര. ഹൈദരാബാദിലാണ് സംഭവം. രവികുമാർ എന്നയാൾ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹൈദരാബാദ് പൊലീസിനെ രവികുമാർ വീഡിയോ പങ്കുവച്ച് ടാഗ് ചെയ്‌തു. സംഭവത്തിൽ പൊലീസ് പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്.

സംഭവത്തെകുറിച്ച് പൊലീസ് അറിയിച്ചതനുസരിച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകുകയാണ് ലോറി. ആരാണ് ലോറി ഓടിക്കുന്നതെന്നോ, ലോറിയുടെ ഫുട്ബോർഡിൽ തൂങ്ങിനിൽക്കുന്ന .യുവാവ് ആരെന്നോ വ്യക്തമല്ല. അപകടമുണ്ടായതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരിൽ നിന്നും രക്ഷപ്പെടാനായി ലോറി ഡ്രൈവർ അതിവേഗം ഓടിച്ചുപോകുകയായിരുന്നു എന്നാണ് സൂചന. അപകടത്തിൽപെട്ട ബൈക്ക് അതേസമയം ലോറിക്കടിയിൽ പെട്ട് റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറുന്നുണ്ടായിരുന്നു. എന്നിട്ടും ഏറെദൂരം ലോറിനിർത്താൻ ഡ്രൈവർ തയ്യാറായില്ല. ഹൈദരാബാദിലെ ഹയാത് നഗർ റൂട്ടിലെ ഇടറോഡിലാണ് സംഭവം നടന്നിരിക്കുന്നത്.

ഇതിനിടെ കഴിഞ്ഞദിവസം യൂസ്‌ഡ് കാർ വിൽപ്പന നടത്തുന്നയാളും സുഹൃത്തുക്കളും ചേർന്ന് ഹൈദരാബാദിൽ ഒരു ലംബോർഗിനി കാർ കത്തിച്ച സംഭവവും ഹൈദരാബാദിൽ ഉണ്ടായിരുന്നു. കാർഉടമയുടെ സുഹൃത്തുക്കളിലൊരാളോട് കാർ എത്തിക്കാൻ വിൽപ്പന നടത്തുന്നയാൾ ആവശ്യപ്പെട്ടു. ഏപ്രിൽ 13ന് നഗരത്തിന് പുറത്തുള്ള ഒരു സ്ഥലത്ത് കാർ എത്തിപ്പോൾ ഇവിടെ കാത്ത് നിന്ന പ്രതിയും കൂട്ടുകാരും ചേർന്ന് കൈയിൽ കരുതിയ പെട്രോൾ കാറിലേക്ക് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

കാറിന്റെ ഉടമ തനിക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞായിരുന്നു പെട്രോൾ ഒഴിച്ച് കാർ കത്തിച്ചതെന്ന് പ്രതി പറഞ്ഞു. ഇതേത്തുടർന്ന് കാറുടമയും സുഹൃത്തും ചേർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.