പൊലീസ് സ്റ്റേഷനിൽനിന്ന് ഇന്നോവ കടത്തിയ പ്രതി അറസ്റ്റിൽ

Thursday 18 April 2024 1:02 AM IST

അങ്കമാലി: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ചിരുന്ന ഇന്നോവകാർ സ്പെയർകീ ഉപയോഗിച്ച് ഓടിച്ചുപോയ ആളെ വിടാതെ കിലോമീറ്ററുകളോളം പിന്തുടർന്ന് പൊലീസ് പിടികൂടി. മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്പാട്ടുവീട്ടിൽ സിറാജുദ്ദീനെ (43) പൊലീസ് അറസ്റ്റുചെയ്തു.

15 ന് രാത്രി പത്തോടെയാണ് വാഹനവുമായി ഇയാൾ സ്റ്റേഷൻവളപ്പിൽ നിന്ന് പുറത്തുകടന്നത്. കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഇയാൾ അവിടെക്കണ്ട പൊലീസുദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം പുറത്തേക്ക് കുതിച്ചു. പൊലീസും പിന്തുടർന്നു. പുതുക്കാട്ട് ഹൈവേയിൽനിന്ന് ഇടറോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പൊലീസിന്റെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏപ്രിൽ13നാണ് എം.സി റോഡിൽ തമിഴ്നാട് സ്വദേശികളുമായുണ്ടായ തർക്കത്തെത്തുടർന്ന് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. കുറെക്കാലം മുമ്പ് സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പരസ്യം ഓൺലൈനിൽക്കണ്ട് തമിഴ്നാട് സ്വദേശികൾ കേരളത്തിൽ വരികയും രണ്ടേകാൽലക്ഷംരൂപയ്ക്ക് വാഹനം വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ബാക്കിതുക കൊടുക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റാമെന്ന് പറഞ്ഞിരുന്നു. ഈ വാഹനം തമിഴ്നാട്ടിൽനിന്ന് മോഷണംപോയി. അടുത്തകാലത്ത് ഇന്നോവ വില്പനയ്ക്കെന്ന പരസ്യം ഓൺലൈനിൽക്കണ്ട് തമിഴ്നാട് സ്വദേശികൾ വീണ്ടും ബന്ധപ്പെട്ടു. എം.സി റോഡിൽ വാഹനവുമായി സംഘം എത്തി. അത് നേരത്തെ സ്വിഫ്റ്റ് കാർ കൊടുത്ത ടീം തന്നെയായിരുന്നു. അത് അറിഞ്ഞുതന്നെയാണ് ഇവരെ സമീപിച്ചതെന്ന് തമിഴ്നാട്ടിൽനിന്ന് വന്നവർ പൊലീസിനോട് പറഞ്ഞു. ഒച്ചപ്പാടും ബഹളവുംകേട്ടെത്തിയ പൊലീസ് വാഹനവും ആളുകളേയും സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിൽ സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ച ഇന്നോവയാണ് സംഘാംഗം കടത്താൻ ശ്രമിച്ചത്. ഇൻസ്പെക്ടർ പി. ലാൽകുമാർ, എസ്.ഐ എൻ.എസ്. റോയി, സി.പി.ഒ അജിതാ തിലകൻ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement