ആറ്റിങ്ങലിന്റെ മനസ് നാട്ടുകാരന് ഒപ്പം : വി. ജോയി

Thursday 18 April 2024 1:50 AM IST

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ആറ്റിങ്ങലിൽ ശക്തമായ ത്രികോണപോരാട്ടമാണ് ഇക്കുറി. യു.‌ഡി.എഫിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കണം. ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുക്കണം. ഇവ രണ്ടുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജോയിയുടെ ദൗത്യം. അതിനാണ് ജില്ലയിലെ പാർട്ടിയുടെ അമരക്കാരനും വർക്കല എം.എൽ.എയുമായ കരുത്തനെ സി.പി.എം കളത്തിലിറക്കിയത്. അടൂർപ്രകാശിലൂടെ വിജയം ആവർത്തിക്കാൻ യു.ഡി.എഫ് കച്ചമുറുക്കിയപ്പോൾ, അട്ടിമറി വിജയത്തിനായി കേന്ദ്രസഹമന്ത്രിയായ വി.മുരളീധരനെ ബി.ജെ.പി കളത്തിലിറക്കിയത്. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച് ഇക്കുറി പാർലമെന്റിൽ ആറ്റിങ്ങലിന്റെ ശബ്ദമാകാൻ തനിക്ക് കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് വി.ജോയി. പഞ്ചായത്തു മുതൽ നിയമസഭവരെ നീണ്ടതിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ചരിത്രമാണ് ജോയിയ്ക്കുള്ളത്. അത് ജനങ്ങൾക്കുള്ള വിശ്വാസത്തിന് തെളിവായാണ് അദ്ദേഹം കാണുന്നത്.

ആറ്റിങ്ങലിൽ തീപാറും പ്രചരണത്തിനിടെ വി.ജോയി കേരളകൗമുദിയോട് സംസാരിച്ചു......

ആറ്റിങ്ങലിലെ പ്ലസ് പോയിന്റ് ?

മണ്ഡലത്തിൽ ജനങ്ങളുടെ വിളിപ്പാടകലെയുള്ള സ്ഥാനാർത്ഥിയെ മാറ്റിനിറുത്താൻ ആറ്റിങ്ങലുകാർ തയ്യാറാകില്ലെന്ന ഉറച്ചവിശ്വാസമുണ്ട്. നാട്ടുകാരന് ഒരു വോട്ട് ചെയ്യാൻ അവർ തയ്യാറാകും.

അവർക്കിടയിൽ നിന്ന് വളർന്നുവന്ന പൊതുപ്രവർത്തകനാണ് ഞാൻ. ഗ്രാമപഞ്ചായത്ത്,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിലും നിയമസഭയിലും ഈ നാടിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങൾ മനസിലാക്കി അവർക്ക് വേണ്ടി പ്രവർത്തിച്ചയാളാണ്. അതിനാൽ ആറ്റിങ്ങൽ മണ്ഡലത്തിലുള്ളവർക്ക് ഇടതുപക്ഷ സ്ഥാനാർത്ഥിയെ കുറിച്ച് മറ്രാരോടും അന്വേഷിക്കേണ്ടതില്ല.

ആരാണ് യഥാർത്ഥ എതിരാളി ?

യു.‌ഡി.എഫുമായിട്ടാണ് മത്സരം. ബി.ജെ.പി അതിന് പിന്നിലാണ്. പക്ഷേ ഇത്തവണ വിജയം എൽ.ഡി.എഫിനൊപ്പമാണ്.കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ എം.പിയുടെ അസാന്നിദ്ധ്യം യു.ഡി.എഫിന് തിരിച്ചടിയ്ക്കും. മണ്ഡലത്തിൽ തിരിഞ്ഞുനോക്കാത്ത എം.പിയായിരുന്നു ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്. ഇത് വോട്ടർമാർ പരസ്യമായി പറയുന്നുണ്ട്. കൊവിഡ് ഉൾപ്പെടെയുള്ള ദുരന്തകാലത്ത് ഒരു ജനപ്രതിനിധിയിൽ നിന്ന് ലഭിക്കേണ്ട സംക്ഷണം ആറ്റിങ്ങലുകാർക്ക് ലഭിച്ചില്ല.

 കേന്ദ്രമന്ത്രിയുടെ സ്ഥാനാർത്ഥിത്വം വെല്ലുവിളിയാകുമോ ?

ആരായാലും ജനങ്ങളുമായി ബന്ധമുള്ളയാൾ ജയിക്കും. അതിന് കേന്ദ്രമന്ത്രിയെന്ന വ്യത്യാസമില്ല. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കേന്ദ്രമന്ത്രിയെ കണ്ടാൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് വന്ന് ഓരോന്നും ചെയ്തുവെന്ന് പറഞ്ഞാൽ ജനം അംഗീകരിക്കില്ല. മാത്രമല്ല പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കക്ഷിയുടെ പ്രതിനിധിയെ ജനം എങ്ങനെ ഉൾകൊള്ളും.

വികസനപ്രവർത്തനങ്ങൾ നിർണ്ണായകമാകുമോ?

സംസ്ഥാന സർക്കാരിന്റെ വികസന,ക്ഷേമ പ്രവർത്തനങ്ങൾ വോട്ടാകും. വർക്കല എം.എൽ.എ എന്ന നിലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി. ശ്രീനാരായണ ആശയപ്രചാരണത്തിനായി ശിവഗിരിയുമായി സഹകരിച്ച് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കിയത്.

എന്നാൽ യു.ഡി.എഫ് എം.പിയുടെ പ്രവർത്തനം കുറച്ച് ഹൈമാസ് ലൈറ്റിൽ ഒതുങ്ങി. ശിവഗിരിയുമായി ബന്ധിപ്പിച്ച് വർക്കല റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം പണിയുമെന്നായിരുന്നു കേന്ദ്രസഹമന്ത്രിയുടെ പ്രഖ്യാപനം എന്നാൽ റെയിൽവേ അധികൃതർ അത് നിരസിച്ചതായാണ് വിവരം. അപ്പോൾ യാഥാർത്ഥ്യവും പൊള്ളത്തരങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്.

Advertisement
Advertisement