ജോർഹട്ടിൽ പോരാട്ടം ഗൊഗോയിമാർ തമ്മിൽ

Thursday 18 April 2024 12:04 AM IST

ന്യൂഡൽഹി: 600ഓളം വർഷങ്ങൾക്കുമുൻപ് അസാം ഭരിച്ചിരുന്ന അഹോം രാജവംശത്തിന്റെ അവസാന തലസ്ഥാനമായിരുന്നു ഭോഗ്‌ദോയ് നദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ജോർഹട്ട്. ജോർഹട്ടിന്റെ ജനസംഖ്യയുടെ 30 ശതമാനം രാജവംശത്തിന്റെ പിൻതലമുറക്കാരെന്ന് പറയപ്പെടുന്ന അഹോം സമുദായമാണ്. ഇവിടത്തെ തിരഞ്ഞെടുപ്പുകളിൽ ഇവരുടെ നിലപാടുകൾ നിർണായകം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായ ബി.ജെ.പിയുടെ സിറ്റിംഗ് എം.പി തപൻ കുമാർ ഗോഗോയിയും കോൺഗ്രസിന്റെ ഗൗരവ് ഗോഗോയും ഈ സമുദായക്കാരാണ്.

ഒന്നാം ഘട്ട വോട്ടെടുപ്പിൽ അസാമിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന പോരാട്ടവും ജോർഹട്ടിലേതാണ്. അന്തരിച്ച മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനും ലോക്‌സഭ ഉപനേതാവും ദേശീയ വക്താവുമായ ഗൗരവ് ഗൊഗോയിയെ കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് മത്സര ചിത്രം മാറിയത്. മറ്റാരു മത്സരിച്ചാലും തപൻ കുമാറിന് ഈസി വാക്കോവറും ഹാട്രിക് വിജയവും ഉറപ്പായിരുന്നുവെന്ന് മണ്ഡലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മണ്ഡല പുനർനിർണയത്തെ തുടർന്ന് സിറ്റിംഗ് സീറ്റായ കാലിയബോർ ഇല്ലാതായതോടെയാണ് ഗൗരവിനെ ജോർഹട്ടിൽ പരീക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് (കാലിയബോറിന് പകരം കാസിരംഗ വന്നു). 2014 മുതൽ തുടർച്ചയായി രണ്ടുതവണ ഗൗരവ് കാലിയാബോറിനെ പ്രതിനിധീകരിച്ചിരുന്നു.

മത്സരത്തിന്റെ പ്രാധാന്യം മനസിലാക്കി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരിട്ടാണ് തപനുവേണ്ടി പ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഏഴ് കാബിനറ്റ് മന്ത്രിമാരും ജോർഹട്ടിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകുന്നു.

1952 മുതലുള്ള ചരിത്രമെടുത്താൽ കോൺഗ്രസ് കോട്ടയായിരുന്നു ജോർഹട്ട്. ജോർഹട്ട് ഗൗരവ് ഗോഗോയിയുടെ പിതാവ് തരുൺ ഗോഗോയ് (1971, 1977), ബിജോയ് കൃഷ്‌ണ ഹന്തിക് (1991- 2009- ആറുവർഷം) തുടങ്ങിയവർ ആധിപത്യം പുലർത്തി. 2014ൽ കാമാഖ്യ പ്രസാദ് തസയിലൂടെ ബി.ജെ.പി ആദ്യമായി ജയിച്ചു. 2019ൽ തപൻ കുമാർ നിലനിറുത്തി. അന്ന് തപൻ തോല്പിച്ച കോൺഗ്രസിന്റെ സുശാന്ത ബോർഗോഹൻ ഇന്ന് ബി.ജെ.പിയിലാണ്. തേയില തോട്ടങ്ങളിൽ തൊഴിൽ ചെയ്യുന്ന ഗോത്ര വിഭാഗങ്ങളും ജോർഹട്ടിൽ നിർണായകം. കോൺഗ്രസിന്റെ വോട്ടു ബാങ്കായിരുന്ന ഇവരെ ബി.ജെ.പി സ്വന്തമാക്കി.

2019ലെ ഫലം

തപൻകുമാർ ഗൊഗോയ് (ബി.ജെ.പി): 5,43,288 (51.35%)

സുശാന്ത ബോർഗോഹൻ (കോൺഗ്രസ്): 4,60,635 (43.54%)

കനക് ഗൊഗോയ് (സി.പി.ഐ): 17,849 (1.69%)

Advertisement
Advertisement