നാഗിന പിടിക്കാൻ 'ആസാദി രാവൺ" എതിർ സ്ഥാനാർത്ഥികളെ വിറപ്പിച്ച് ചന്ദ്രശേഖർ ആസാദ്

Thursday 18 April 2024 12:07 AM IST

ധാംപൂർ: പൗരത്വ നിയമഭേദഗതി,​ കർഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയവയിലെ ഉറച്ചശബ്ദമായിരുന്നു ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെ അതിക്രമമുണ്ടായാൽ അവിടെ ചന്ദ്രശേഖർ ആസാദ് എത്തുമെന്ന പ്രതീതിയാണ്. അടുത്തിടെ ഡോ. ബി.ആർ.അംബേദ്ക്കറുടെ ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാപൂരിൽ 17കാരൻ വെടിയേറ്ര് കൊല്ലപ്പെട്ടപ്പോഴും കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത് ആസാദായിരുന്നു. 2023 ജൂണിൽ ആസാദിനുനേരെ വധശ്രമമുണ്ടായി. അതിനാൽ വൈ പ്ലസ് കാറ്റഗറി സി.ആർ.പി.എഫ് സുരക്ഷയാണിപ്പോൾ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പട്ടികജാതി സംവരണ മണ്ഡലമായ നാഗിനയിൽ ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളിയാണ് ഈ 37കാരൻ ഉയർത്തുന്നത്.

കരിമ്പുകൃഷിക്കും പഞ്ചസാര മില്ലുകൾക്കും പേരുകേട്ട ധാംപൂരിലാണ് ചന്ദ്രശേഖർ ആസാദിന്റെ വീട്. വീട്ടിലെത്തിയപ്പോൾ പ്രവർത്തകരെയും അഭ്യുഭയകാംക്ഷികളെയും കാണുന്ന തിരക്കിലായിരുന്നു അദ്ദേഹം. പ്രചാരണത്തിന്റെ അവസാന ദിവസമാണെങ്കിലും വീട്ടിലെത്തിയ പരമാവധി സന്ദർശകരെയും കണ്ടശേഷമാണ് പ്രവർത്തകർക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. പോകുന്നയിടങ്ങളിലെല്ലാം വൻജനക്കൂട്ടം കാത്തുനിൽക്കുന്നു. രാവൺ ആസാദിനായി അത്യുച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. ദളിത് സമുദായത്തിൽ നിന്നുള്ള പുത്തൻ താരോദയമാകുകയാണ് രാവൺ. മുസ്ലിങ്ങളേയും വലിയതോതിൽ ആകർഷിക്കുന്നുണ്ട്. റാലികളിൽ ചെറുപ്പക്കാരുടെ വൻനിര. സെൽഫിയെടുക്കാനും തിരക്ക്.


2020 മാർച്ച് 15നാണ് ആസാദ് സമാജ് പാർട്ടി (കാൻഷി റാം)​ പ്രഖ്യാപിച്ചത്. ചിഹ്നം ചായ കെറ്റിൽ. നാളെ ബൂത്തിലേക്ക് പോകുന്ന നഗിനയിൽ കടുത്ത പോരാട്ടമാണ്. നിലവിൽ ബി.എസ്.പിയുടെ സിറ്റിംഗ് മണ്ഡലം. ബി.എസ്.പിയുടെ സുരേന്ദ്ര പാൽ സിംഗ്, ബി.ജെ.പിയുടെ ഓംകാർ, സമാജ് വാദി പാർട്ടിയുടെ മനോജ് കുമാർ എന്നിവരാണ് മത്സര രംഗത്തുള്ളത്. ബി.ജെ.പിയോട് ആസാദിന് വിധേയത്വമുണ്ടെന്നാണ് പേരെടുത്തു പറയാതെ അഖിലേഷ് യാദവ് ആരോപിക്കുന്നത്. പ്രചാരണത്തിരക്കിനിടെ അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു.


?ബി.ജെ.പിയുടെ രഹസ്യ ഏജന്റ് ആണെന്ന ആരോപണത്തോട് എന്താണ് മറുപടി

പ്രാണനുള്ള കാലംവരെ ബി.ജെ.പിയിൽ ചേരില്ല. രാഷ്ട്രീയമില്ലാതെ ജീവിച്ചാലും ബി.ജെ.പിക്കൊപ്പം സഖ്യമുണ്ടാക്കില്ല. മോദിയെ അല്ല,​ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയാണ് എതിർക്കുന്നത്.

?ബി.ജെ.പിയെ എതിരിടാനാണെങ്കിൽ പ്രതിപക്ഷവുമായി സഹകരിക്കാമായിരുന്നില്ലേ ?

കോൺഗ്രസ്, സമാജ് വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നിവരുമായി ചർച്ച ചെയ്തു. എന്നാൽ അവർ താത്പര്യം കാണിച്ചില്ല.

?നഗിനയിൽ പ്രതീക്ഷ എത്രത്തോളം

പാർട്ടി പോരാടുകയാണ്. പൗരത്വ നിയമഭേദഗതിയിൽ മുസ്ലിം സമുദായത്തിനുവേണ്ടി ശബ്ദമുയർത്തി. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചു. ദളിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ജനങ്ങൾ മാറ്രം ആഗ്രഹിക്കുന്നു.

Advertisement
Advertisement