വേണ്ടിവന്നാൽ അമേഠിയിൽ മത്സരിക്കുമെന്ന് രാഹുൽ
ന്യൂഡൽഹി: പാർട്ടി ആവശ്യപ്പെട്ടാൽ അമേഠിയിൽ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്ന് രാഹുൽ ഗാന്ധി. ഏപ്രിൽ 26ന് കേരളത്തിലെ വോട്ടിംഗ് കഴിഞ്ഞാൽ അമേഠിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാഹുൽ വിഷയത്തിൽ ആദ്യ പ്രതികരണം നടത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമൊത്ത് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
അമേഠിയിൽ മത്സരിക്കാനുള്ള സാദ്ധ്യത പാർട്ടി തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അനുസരിക്കും-രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ മത്സരിക്കണമെന്ന് അമേഠിയിൽ നിന്നും യു.പി സംസ്ഥാന ഘടകത്തിൽ നിന്നും ആവശ്യമുയർന്നിരുന്നു. രണ്ടിടത്ത് മത്സരിക്കുന്നത് പേടിച്ചിട്ടാണെന്ന ബി.ജെ.പി ആരോപണം ചെറുക്കാനാണ് തീരുമാനം നീട്ടുന്നത്. അമേഠിയിലെ സ്ഥാനാർത്ഥിത്വം വയനാട്ടിലും പ്രശ്‌നമാകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.
ബി.ജെ.പി 150ൽ ഒതുങ്ങും
രാജ്യത്തുടനീളം മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയെന്ന് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പറഞ്ഞു. 'ഇന്ത്യ'യ്‌ക്ക് അനുകൂലമായി ശക്തമായ അടിയൊഴുക്കുണ്ട്. ബി.ജെ.പി 150 പോലും കടക്കില്ല. നരേന്ദ്ര മോദി സുതാര്യമെന്ന് അവകാശപ്പെട്ട തിരഞ്ഞെടുപ്പ് ബോണ്ട് ബി.ജെ.പിയുടെ അഴിമതി തുറന്നുകാട്ടിയെന്നും ഇരുവരും പറഞ്ഞു. പ്രധാനമന്ത്രി മോദി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിനാകെ അറിയാമെന്ന് രാഹുൽ ആരോപിച്ചു.
തിരഞ്ഞെടുപ്പ് ബോണ്ടുകൾ ബി.ജെ.പിയുടെ സദാചാര വാദങ്ങളുടെ മൂടുപടം അഴിച്ചുമാറ്റിയെന്ന് അഖിലേഷ് പറഞ്ഞു. ബി.ജെ.പി അഴിമതിക്കാരെ തങ്ങളുടെ തൊഴുത്തിൽ കെട്ടുകയും അവരുടെ അഴിമതിയിൽ നിന്നുള്ള വിഹിതം എടുക്കുകയും ചെയ്യുന്നു. മോദിയുടെ 'ഇരട്ട എൻജിൻ സർക്കാർ' അവകാശവാദങ്ങളെയും അഖിലേഷ് തള്ളി. എല്ലായിടത്തും ഒരാളുടെ ചിത്രം മാത്രമാണെന്നും തിരഞ്ഞെടുപ്പിനു ശേഷം അത് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പരിഹസിച്ചു.
ബി.ജെ.പിയുടെ പ്രകടന പത്രികയെയും ഇരുവരും വിമർശിച്ചു. ഒളിമ്പിക‌്സിനെക്കുറിച്ചും 10-15 വർഷത്തിനുള്ളിൽ ചന്ദ്രനിലേക്ക് ആളെ അയ്‌ക്കുന്നതുമെല്ലാം രാജ്യത്തെ കഠിന യാഥാർത്ഥ്യങ്ങളിൽ നിന്ന് ബി.ജെ.പി എത്ര അകലെയാണെന്ന് വ്യക്തമാക്കുന്നു. കോൺഗ്രസ് പ്രകടനപത്രികയിൽ തൊഴിലില്ലായ്മ, സാമൂഹ്യനീതി, കർഷകർക്കുള്ള നീതി തുടങ്ങിയ വിഷയങ്ങളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.