ഛത്തിസ്ഗഢിൽ ബി ജെ പി പ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
റായ്പൂർ: മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനിടെ ഛത്തിസ്ഗഢിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി നാരായൺപുർ ജില്ലയിൽ ഒരു ബി.ജെ.പി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചതായി ജില്ലാ പൊലീസ് അറിയിച്ചു. ഡെപ്യൂട്ടി ഗ്രാമസേവകനായ പഞ്ചംദാസാണ് കൊല്ലപ്പെട്ടത്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഛത്തിസ്ഗഢ് വനംമന്ത്രി കേദാർ കശ്യപ് അറിയിച്ചു.
അതേസമയം ഛത്തീസ്ഗഢിൽ 29 മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാസേനയെ അഭിനന്ദിച്ചിരുന്നു. ശോഭനമായ ഭാവിക്കായി ഛത്തീസ്ഗഢിനെയും രാജ്യത്തെയും മാവോയിസ്റ്റ് മുക്തമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സുരക്ഷാ സേന വലിയ വിജയം കൈവരിച്ചിരിക്കുന്നെന്നും പറഞ്ഞു. ധീരതയോടെ ഈ ഓപ്പറേഷൻ വിജയിപ്പിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നെന്നും പരിക്കേറ്റ ധീരരായ ഉദ്യോഗസ്ഥർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ഷാ എക്സിലും കുറിച്ചു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും സൈനികർക്ക് അഭിനന്ദനം അറിയിച്ചു. അതിനിടെ, കൊല്ലപ്പെട്ടവരിൽ പ്രദേശവാസികളില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.