സേനയ്ക്ക് അഭിനന്ദനം ഇന്ത്യയെ മാവോയിസ്റ്റ് മുക്‌തമാക്കും: അമിത് ഷാ

Thursday 18 April 2024 12:55 AM IST

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ 29 മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിൽ സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശോഭനമായ ഭാവിക്കായി ഛത്തീസ്ഗഢിനെയും രാജ്യത്തെയും മാവോയിസ്റ്റ് മുക്തമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സുരക്ഷാ സേന വലിയ വിജയം കൈവരിച്ചിരിക്കുന്നെന്നും പറഞ്ഞു. ധീരയോടെ ഈ ഓപ്പറേഷൻ വിജയിപ്പിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നെന്നും പരിക്കേറ്റ ധീരരായ ഉദ്യോഗസ്ഥർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ഷാ എക്സിലും (ട്വിറ്റർ) കുറിച്ചു.

വികസനത്തിന്റെയും സമാധാനത്തിന്റെയും യുവാക്കളുടെ ഭാവിയുടെയും ശത്രുക്കളാണ് മാവോയിസ്റ്റുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മാവോയിസ്റ്റുകളിൽ നിന്ന് മോചിപ്പിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. മോദി അധികാരത്തിലെത്തിയതു മുതൽ മാവോയിസ്റ്റുകൾക്കും ഭീകരതയ്ക്കുമെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട് .സർക്കാരിന്റെ ശക്തമായ നയത്താൽ ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ ചെറിയൊരു പ്രദേശത്തായി ഒതുങ്ങി. ഇന്ത്യ ഉടൻ മാവോയിസ്റ്റ് മുക്തമാകും.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായിയും സൈനികർക്ക് അഭിനന്ദനം അറിയിച്ചു. അതിനിടെ,​ കൊല്ലപ്പെട്ടവരിൽ പ്രദേശവാസികളില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.

80ലധികം പേരെ വധിച്ചു

 മാവോയിസ്റ്റുകളെ വധിക്കാൻ ഛത്തീസ്ഗഢിൽ 250 ക്യാമ്പുകൾ തുറന്നു

 സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളിൽ 80ലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

 125ലധികം പേരെ അറസ്റ്ര് ചെയ്‌തു

 150ലധികം പേർ കീഴടങ്ങി

ദൃശ്യം പുറത്ത്

ചൊവ്വാഴ്‌ചയാണ് ഡി.ആർ.ജി-ബി.എസ്.എഫ് സംയുക്ത സംഘം കാങ്കറിലെ ബിനഗുണ്ട ഗ്രാമത്തിന് സമീപമുള്ള വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിന്റെ 20 സെക്കൻഡ് മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്തുവന്നു. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുമ്പോൾ സൈനികരിലൊരാൾ മറ്രുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് വീഡിയോയിലുള്ളത്. മവോയിസ്റ്റുകളെ വധിച്ചതുകൂടാതെ എ.കെ 47 തോക്കുകൾ,​ 303 കാർബൈനുകൾ, പിസ്റ്റളുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്ന ശങ്കർ റാവു ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളെയാണ് കഴിഞ്ഞ ദിവസം വധിച്ചത്.

കൊല്ലപ്പെട്ടവരിൽ 15 സ്ത്രീകൾ

വെള്ളിയാഴ്‌ച ഛത്തീസ്ഗഢിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാനിരിക്കെയാണ്

29 പേരെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ 15 പേർ സ്ത്രീകളാണെന്ന് ബസ്‌ത‌ർ ഐ.ജി സുന്ദർരാജ് അറിയിച്ചു. വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോർട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഇനിയും 50ലേറെ മാവോയിസ്റ്രുകളുണ്ട്. അവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

ഇതുകൂടാതെ ഈ വർഷം ഇതുവരെ ഛത്തീസ്ഗഢിൽ 79 മാവോയിസ്റ്റുകളെയാണ് വിവിധ ഏറ്റുമുട്ടലുകളിലൂടെ വധിച്ചത്. കാങ്കർ ഉൾപ്പെടെ ഏഴ് ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്.

Advertisement
Advertisement