സൂരജ്, തനായ; ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്, ശുപാർശ നൽകി ബംഗാൾ സർക്കാ‌ർ

Thursday 18 April 2024 8:13 AM IST

കൊൽക്കത്ത : ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലെ അക്ബർ,​ സീത സിംഹങ്ങൾക്ക് പുതിയ പേര്. അക്ബർ സിംഹത്തിന് സൂരജ് എന്നും സീത എന്ന് പെൺ സിംഹത്തിന് തനായ എന്നുമാണ് പുതിയ പേര്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാൾ സർക്കാ‌ർ ഇത് സംബന്ധിച്ച് ശുപാർശ സമർപ്പിച്ചു. ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെയാണ് പേര് മാറ്റുന്നത്. അക്ബർ,​ സീത എന്ന് പേര് നൽകിയത് വലിയ രീതിയിൽ വിവാദമായതിന് പിന്നാലെയാണ് നടപടി.

കേന്ദ്ര മൃഗശാല അതോറിറ്റി ശുപാർശ അംഗീകരിച്ചാൽ പേര് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ മാറ്റും. എന്നാൽ ഈ ശുപാർശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങൾക്ക് ഡിജിറ്റൽ പേരുകൾ നൽകാനും അധികാരമുണ്ട്. സിംഹങ്ങൾക്ക് അക്ബർ,​ സീത എന്നീ പേരുകൾ ഇട്ടതിനെ കൽക്കട്ട ഹെെക്കോടതി വിമ‌ശിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ഹർജി പരിഗണിക്കവെയാണ് കൽക്കട്ട ഹെെക്കോടതിയുടെ സർക്യൂട്ട് ബെഞ്ച് ജഡ്ജി വിമർശനം ഉന്നയിച്ചത്.

ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പേരുകൾ മാറ്റി വിവാദം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകൾ ശുപാർശ ചെയ്തത്.

അക്ബറിനെയും സീതയേയും ഒന്നിച്ചിടരുതെന്ന് ആവശ്യപ്പെട്ടാണ് വിശ്വഹിന്ദു പരിഷത്ത് ഹർജി നൽകിയത്. അക്ബർ എന്നത് മുഗൾ ചക്രവർത്തിയുടെ പേരാണ്. സീതയാകട്ടെ ഇതിഹാസമായ രാമായണത്തിന്റെ ഭാഗവും. സീതയെ അക്ബറിനൊപ്പം പാർപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കലാണെന്നാണ് വിഎച്ച്പി ആരോപിച്ചിരുന്നത്.

Advertisement
Advertisement