പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Thursday 18 April 2024 11:37 AM IST

കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. കളിയാട്ടം, കർമയോഗി, സമവാക്യം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. സംസ്‌കാരം വൈകിട്ട് രണ്ടിന് കണ്ണൂർ പുല്ലുപ്പി ശ്മശാനത്തിൽ നടക്കും. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സ്‌കൂൾ പഠനകാലത്തുതന്നെ സാഹിത്യത്തോട് താൽപര്യം പ്രകടിപ്പിച്ച ബൽറാം ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നോവൽ എഴുതിയത്. മുയൽ ഗ്രാമം എന്നായിരുന്നു ഇതിന്റെ പേര്. എന്നാൽ ഇരുപതാം വയസിലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിന്റേത്.

നാറാത്ത് സ്വദേശിനിയായ കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്.