ഷോപ്പിംഗ് മാളുകളിൽ പതിനായിരങ്ങൾ മുടക്കി നിങ്ങൾ വീട്ടിലെത്തിക്കുന്നത് ജീവനെടുക്കുന്ന 'വില്ലനെ', ഇനിയും സൂക്ഷിച്ചില്ലെങ്കിൽ

Thursday 18 April 2024 12:22 PM IST

കടകളിൽ നിന്ന് സാധനം വാങ്ങിയ ശേഷം അതിന്റെ ബിൽ പ്രിന്റ് ചെയ്ത ഒരു പേപ്പർ ലഭിക്കാറുണ്ട്. പലരും അത് അപ്പോൾ തന്നെ ഉപേക്ഷിക്കുന്നു. എന്നാൽ ചിലർ അത് ബാഗിൽ വച്ച ശേഷം ദീർഘകാലം സൂക്ഷിക്കുന്നു. ഇത്തരം പേപ്പറുകൾ അധിക നേരം കെെയിൽ വയ്ക്കുമ്പോൾ നമ്മൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയാമോ? ചില കടകളിൽ നിന്ന് ലഭിക്കുന്ന ബിൽ പേപ്പറിൽ വിഷാംശം അടങ്ങിയ രാസവസ്തുക്കൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവ എങ്ങനെ മനുഷ്യ ശരീരത്തെ ദോഷം ചെയ്യുന്നുവെന്ന് പരിശോധിക്കാം.

ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു

മിനുസവും തിളക്കവുമുള്ള തെർമൽ പേപ്പറിലാണ് സാധനങ്ങളുടെ ബില്ലുകളും മറ്റും അച്ചടിക്കുന്നത്. ചില ഷോപ്പിംഗ് മാളുകളിലും കടകളിലും ഉപയോഗിക്കുന്ന ബിൽ പേപ്പറിൽ ബിസ്ഫെനോൾ എസ് (ബിപിഎസ്), ബിസ്ഫെനോൾ എ (ബിപിഎ) എന്നീ രാസവസ്തുക്കൾ അടങ്ങിരിക്കുന്നതായാണ് കണ്ടെത്തൽ. ഈ രാസവസ്തുക്കൾ മനുഷ്യ ശരീരത്തിലെ ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

യു എസിലെ 22ഓളം സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ 80ശതമാനം ബിൽ പേപ്പറിലും ബിസ്ഫെനോൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് പരിസ്ഥിതി ആരോഗ്യ സംഘടനയായ ഇക്കോളജി സെന്റർ 2023ൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 'മക്ഡൊണാൾസ്' പോലുള്ള ഭക്ഷണശാലകളിലും 'വാൾമാർട്ട്' പോലുള്ള സൂപ്പർ മാർക്കറ്റിലും ഉപയോഗിക്കുന്ന ബിൽ പേപ്പറിൽ ബിപിഎയും ബിപിഎസും അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ പറയുന്നു.

പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ അല്ലെങ്കിൽ പോളികാർബണേറ്റ് പ്ലാസ്റ്റിക് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ഹാനികരമായ രാസവസ്തുക്കളിൽ ഒന്നാണ് ബിസ്ഫെനോൾ. ബിസ്ഫെനോൾ ചർമ്മത്തിലൂടെ ശരീരത്തിന് ഉള്ളിലേക്ക് വേഗം പ്രവേശിക്കുകയും ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. വലിയ കമ്പനികളിൽ മാത്രമല്ല, ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ വരെ ഉപയോഗിക്കുന്ന ബിൽ പേപ്പറിൽ ബിസ്ഫെനോൾ അടങ്ങിയിരിക്കുന്നുവെന്നാണ് കണ്ടെത്തൽ.

2017ൽ ബിപിഎ അല്ലെങ്കിൽ ബിപിഎസ് ഉപയോഗിച്ചുള്ള പേപ്പറുകളുടെ അളവ് 93 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 80 ശതമാനമായി മാറിയിട്ടുണ്ട് എന്നത് വളരെ ആശ്വാസം നൽകുന്ന കാര്യമാണ്.

ക്യാൻസറും ഹൃദയ സംബന്ധമായ അസുഖങ്ങളും

ചർമ്മത്തിലേക്ക് പെട്ടെന്ന് തന്നെ പ്രവേശിക്കുന്ന ഒരു രാസവസ്തുവാണ് ബിസ്ഫെനോൾ. ഇത് വളരെ കൂടിയ അളവിൽ കടകളിൽ നിന്ന് ലഭിക്കുന്ന ബിൽ പേപ്പറുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ പേപ്പറുകളിൽ സ്‌പർശിക്കുന്നത് മൂലം രക്തത്തിൽ ബിപിഎയുടെ അളവ് കൂട്ടുന്നു. ഇത് ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രത്യുൽപാദന കുറവ് തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കാരണമാകുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

ബിപിഎ മനുഷ്യരുടെ ശരീരത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും പഠനം നടന്നുവരികയാണ്. സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അടുത്തിടെ നടത്തിയ പരിശോധനയിൽ മിക്ക വ്യക്തികളുടെയും മൂത്രത്തിൽ ഈ രാസവസ്തുവിന്റെ അംശം ഉണ്ടായിരുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

നിരോധനം

ബിസ്‌ഫെനോൾ ഉപയോഗിച്ചുള്ള ബിൽ പേപ്പറിന്റെ ഉപയോഗം കുറയ്ക്കുകയാണ് ആദ്യം ഇതിന് ചെയ്യേണ്ടത്. പല വ്യാപാരികളും രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ബില്ല് പേപ്പർ നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബില്ല് പേപ്പർ നിർമ്മിക്കാൻ ബിസ്ഫെനോളിന് പകരം സുരക്ഷിതമായ പെർഗാഫാസ്റ്റ് 21 പോലുള്ളവ ഉപയോഗിക്കാം. കഴിഞ്ഞ വർഷം ബിസ്ഫെനോൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ബിൽ പേപ്പറുകൾ വാഷിംഗ്‌ടൺ നിയമവിരുദ്ധമാക്കിയിരുന്നു. 2026 ഓടെ ഇത് നിരോധിക്കുമെന്നാണ് റിപ്പോർട്ട്.

യുഎസിലെ പല ഷോപ്പിംഗ് മാളുകളും കഴിഞ്ഞ വർഷം ബിസ്ഫെനോൾ രഹിത ബിൽ പേപ്പർ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിദേശ മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫ്രാൻസ്,​ കാനഡ,​ ബെൽജിയം,​ ഡെൻമാർക്ക്,​ സ്വീഡൻ തുടങ്ങിയ ചില രാജ്യങ്ങളിൽ ബിപിഎ നിരോധിച്ചിട്ടുണ്ട്. കടകളിൽ നിന്ന് ലഭിക്കുന്ന ഇത്തരം ബിൽ പേപ്പറുകൾ അത്യാവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുക. വാങ്ങിയാൽ കെെകൾ കഴുകി വ്യത്തിയാക്കാൻ വിദഗ്ദ്ധർ നിർദേശിക്കുന്നു.

Advertisement
Advertisement