'മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്'; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി

Thursday 18 April 2024 2:55 PM IST

മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ നവനീത് റാണയുടെ പ്രസ്‌താവനയാണ് ചർച്ചയാവുന്നത്. ഇത് ആയുധമാക്കി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്‌ച അമരാവതിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു നവനീത് വിവാദ പ്രസ്‌താവന നടത്തിയത്. 'പഞ്ചായത്ത് തിരഞ്ഞെടുപ്പ് നേരിടുന്നതുപോലെതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും നേരിടണം. ഉച്ചയ്ക്ക് 12 മണിക്ക് മുൻപുതന്നെ എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന് മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്. 2019ലും മോദി തരംഗമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഞാൻ അന്ന് വിജയിച്ചു'- എന്നായിരുന്നു റാലിയിൽ നവനീത് പ്രസംഗിച്ചത്.

2019ൽ എൻ സി പിയുടെ പിന്തുണയോടെ വിജയിച്ച നവനീത് പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. നവനീത് പറഞ്ഞത് സത്യമാണെന്നും വോട്ടർമാരുടെ മാനസികാവസ്ഥയാണ് പ്രസംഗത്തിലൂടെ പ്രതിഫലിച്ചതെന്നും പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി പരിഹസിച്ചു. നവനീതിന്റെ പ്രസംഗം ബിജെപി അണികളെ പരിഭ്രാന്തരാക്കിയെന്നും സംസ്ഥാനത്തെ 45 സീറ്റുകളിലും പ്രതിപക്ഷ സഖ്യം വിജയിക്കുമെന്നും ശിവസേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു. നവനീത് പറഞ്ഞത് വാസ്‌തവമാണെന്നും അതിനാലാണ് മറ്റ് പാർട്ടികളിലെ നേതാക്കന്മാരെ ബിജെപിയിൽ എത്തിക്കുന്നതെന്ന് എൻസിപി വക്താവ് മഹേഷ് തപസെയും വിമ‌ർശിച്ചു.

വിവാദങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി നവനീത് റാണ രംഗത്തെത്തി. വീഡിയോ എഡിറ്റ് ചെയ്ത് പ്രതിപക്ഷം തെറ്റായി വ്യാഖാനിക്കുകയാണെന്ന് അവർ ആരോപിച്ചു. രാജ്യത്ത് മോദി തരംഗം ഉണ്ട്, മോദിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാം. ബിജെപി ഇത്തവണ 400 സീറ്റുകൾ നേടുമെന്നും നവനീത് പറഞ്ഞു.