ശരത്തിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല, ഉള്ളിൽ കയറിയപ്പാേൾ കണ്ടത് വൻ സെറ്റപ്പ്

Thursday 18 April 2024 4:51 PM IST

കോഴിക്കോട്: 200 ലിറ്റർ ചാരായവും 1400 ലിറ്റർ വാഷും എക്സൈസ് പിടികൂടി.പാവങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ശരത്ത് എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലിറ്റർ കണക്കിന് ചാരായവും വാഷും പിടികൂടിയത്. ശരത്തിനെ അറസ്റ്റ് ചെയ്തു.

വൻതോതിൽ ചാരായം വാറ്റുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് എക്സൈസ് ഇന്റലിജൻസ് ശരത്തിനെ ഒരാഴ്ചയോളമായി നിരീക്ഷിച്ചുവരികയായിരുന്നു. വീടിന്റെ സ്റ്റെയർ റൂമിനകത്ത് പ്രത്യേകം സജ്ജീകരണങ്ങളൊരുക്കിയാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സ്റ്റൗ, സിലിണ്ടറുകൾ, പാത്രങ്ങൾ തുടങ്ങിയ വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവിന്റെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ പാർട്ടിയും, എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും റെയ്ഡിൽ പങ്കെടുത്തു.സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹാരിസ്.എം, എക്സൈസ് ഐ.ബി യിലെ പ്രിവന്റീവ് ഓഫീസർ പ്രവീൺകുമാർ.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷാജു.സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ രസൂൺ കുമാർ, വിനു.വി.വി, അഖിൽ.എ.എം, സതീഷ്.പി.കെ, വനിതാ സിവിൽ ഓഫീസർ ഷൈനി.ബി.എൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിനീഷ്.എ.എം എന്നിവർ ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ, കാറിൽ വന്ന യുവാക്കളിൽ നിന്ന്യും എംഡിഎംഎയും കഞ്ചാവും പിടികൂടി. കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനയിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്.

കോഴിക്കോട് സ്വദേശി അബിൻ സി.ബി (26 ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിൻ (26 ), നെടുമങ്ങാട്‌ കരിപ്പൂർ സ്വദേശി അഖിൽ (26) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

Advertisement
Advertisement