'പിണറായി വിജയന്‍ 24 മണിക്കൂറും എന്നെ കുറ്റം പറയുന്നു'; വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി

Thursday 18 April 2024 9:02 PM IST

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 24 മണിക്കൂറും തന്നെ കുറ്റം പറയാനും ആക്രമിക്കാനുമാണ് പിണറായി ശ്രമിക്കുന്നതെന്നും എന്നാല്‍ ബിജെപിക്ക് എതിരെ ഒരക്ഷരം മിണ്ടാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോട്ടയം തിരുനക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. ഇഡി കേരളത്തിന്റെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മുഖ്യമന്ത്രിയെ ബിജെപി എതിര്‍ക്കുകയോ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ തനിക്ക് അതിശയം തോന്നുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മണിപ്പൂരിനെയടക്കം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദേശം നല്‍കിയാല്‍ മൂന്നു ദിവസം കൊണ്ട് മണിപ്പൂര്‍ സംഘര്‍ഷം അവസാനിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്തിയാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷം ഒരു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കേട്ടയത്ത് നടന്ന പൊതുസമ്മേളനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് പുറമേ മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ കൊടിക്കുന്നില്‍ സുരേഷ് , ആന്റോ ആന്റണി എന്നിവരും പങ്കെടുത്തു.