വിജ്ഞാപനമിറങ്ങി,​ ബഹിരാകാശ മേഖലയിൽ ഇനി വിദേശ നിക്ഷേപം 100%

Friday 19 April 2024 4:02 AM IST

 ഉത്തരവ് മസ്കിന്റെ വരവിന് തൊട്ടുമുമ്പ്

ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളിലേക്ക് 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി. സ്പെയ്സ് എക്സ്,​ സ്റ്റാർലിങ്ക് കമ്പനികളുടെ ഉടമ ഇലോൺ മസ്‌ക് ഏപ്രിൽ 21, 22 തിയതികളിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഉത്തരവിറങ്ങിയത്. ഇന്ത്യയിൽ 300 കോടി ഡോളർ നിക്ഷേപമാണ് മസ്‌ക് ലക്ഷ്യമിടുന്നതെന്ന് അറിയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നൽകിയിരുന്നു. ഉപഗ്രഹങ്ങൾ, ഗ്രൗണ്ട് സെഗ്‌മെന്റ്, ഉപയോക്തൃ വിഭാഗം എന്നിവയ്ക്കായുള്ള ഘടകങ്ങളുടെയും സംവിധാനങ്ങളുടെയും ഉപ സംവിധാനങ്ങളുടെയും നിർമ്മാണ മേഖലയിലാണ് 100 ശതമാനം നേരിട്ടുള്ള നിക്ഷേപം അനുവദിക്കുന്നത്. ബഹിരാകാശ വകുപ്പ് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വിദേശ കമ്പനികൾക്ക് ബാധകമായിരിക്കും.

ഉപഗ്രഹങ്ങളുടെ പ്രവർത്തനം, ഡാറ്റ ഉത്പന്നങ്ങൾ എന്നിവയിൽ 74 ശതമാനമായിരിക്കും വിദേശ നിക്ഷേപത്തിന് അനുമതി. വിക്ഷേപണ വാഹനങ്ങളുടെ അനുബന്ധ സംവിധാനങ്ങൾ, ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പോർട്ടുകൾ തയ്യാറാക്കൽ എന്നിവയിൽ 49 ശതമാനം വരെയും അനുവദിക്കും.

കൂടുതൽ തൊഴിലവസരം

സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിക്കുന്നതോടെ തൊഴിലവസരങ്ങൾ കൂടും. ഇന്ത്യൻ കമ്പനികൾ ആഗോള നിലവാരത്തിലേക്ക് ഉയരും. ‘മേയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവയ്ക്കു കീഴിൽ വിദേശ കമ്പനികളുടെ നിർമ്മാണ യൂണിറ്റുകൾ വരും.