ഗർഭസ്ഥ ശിശുവിന്റെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി

Friday 19 April 2024 1:26 AM IST

തലശ്ശേരി: ഗർഭസ്ഥ ശിശുവിന്റെ മരണം ചികിത്സാ പിഴവാണെന്ന ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പള്ളി പറമ്പിൽ മറവ് ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. ഗോപാൽപേട്ടയിലെ നൗഷാദ്, സാഹിറ ദമ്പതികളുടെ ഗർഭസ്ഥ ശിശുവിന്റെ മരണത്തിലാണ് അന്വേഷണം. പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിൽ സൈദാർ പള്ളി കബർസ്ഥാനിൽ വച്ചായിരുന്നു പോസ്റ്റ് മോർട്ടം.

തലശ്ശേരി സി.ഐ.ബിജു ആന്റണിയുടെ നേതൃത്വത്തിൽ പൊലീസും എക്സിക്യൂട്ടിവ് മജിസ്‌ട്രേട്ടായി തഹസിൽദാർ ജിസാ തോമസുമുണ്ടായി. കൗൺസിലർമാരായ അബ്ദുൾ ഖിലാബ്, അജേഷ്, അൻസാരി, പള്ളിക്കമ്മിറ്റി ഭാരവാഹിയായ റഹിം കൂവേരിയും നാട്ടുകാരും കുഞ്ഞിന്റെ പിതാവ് നൗഷാദും സ്ഥലത്തുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം മറവ് ചെയ്തു.

2014ൽ വിവാഹിതയായ സാഹിറ പത്ത് വർഷത്തെ കാത്തിരിപ്പിലാണ് ഗർഭിണിയായത്. മിഷൻ ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെ ചികിത്സയിലായിരുന്നു. പ്രസവ തീയതി അടുത്തപ്പോൾ ഇക്കഴിഞ്ഞ മാർച്ച് 18ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാം സാധാരണനിലയിലാണെന്ന് ആദ്യം പറഞ്ഞ ഡോക്ടർ പിന്നീട് മാറ്റി പറഞ്ഞു. സംശയത്തെ തുടർന്ന് സ്‌കാനിംഗ് നടത്തി. ഇതിന്റെ റിപ്പോർട്ട് പ്രകാരം പ്രത്യേക മരുന്ന് കുത്തിവച്ചു. ഇതിൽ പിന്നീടാണ് കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചുവെന്ന് ദമ്പതികളെ അറിയിച്ചത്. ഇതിനായി ചില കാരണങ്ങളും പറഞ്ഞു. എന്നാൽ ചികിത്സിച്ച ഡോക്ടർമാരുടെ പിഴവ് കാരണമാണ് കുഞ്ഞ് മരിക്കാനിടയായതെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. പരാതിയിൽ കേസെടുത്ത തലശ്ശേരി പൊലീസാണ് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചത്. തലശ്ശേരി എ.സി.പി. കെ.എസ്.ഷഹൻഷ സൈദാർ പള്ളിയിലെത്തി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡിസ്ചാർജ് ചെയ്തിട്ടും വീട്ടിലേക്ക് പോവില്ലെന്ന് പറഞ്ഞ് സമരം ചെയ്യുന്ന നൗഷാദും സാഹിറയും കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ കഴിയുകയാണ്.

Advertisement
Advertisement