21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

Friday 19 April 2024 4:20 AM IST

ന്യൂഡൽഹി: ചൂടേറിയ പ്രചാരണത്തിനൊടുവിൽ തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള വോട്ടിംഗും ഇന്നാണ്.

രാജ്യത്ത് ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ, 'ഇന്ത്യാ' മുന്നണികൾക്ക് തുല്യശക്തിയുള്ള മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ്. അതിനാൽ വരുംഘട്ടങ്ങളിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാൻ ആദ്യഘട്ടത്തിനാകും. 2019ൽ ഈ മേഖലകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ 51 സീറ്റുകളും, ഇപ്പോഴത്തെ 'ഇന്ത്യാ' മുന്നണിക്ക് കീഴിലുള്ള പാർട്ടികൾ 48 സീറ്റുകളും നേടിയിരുന്നു.

400ലധികം സീറ്റുകൾ ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് ആദ്യഘട്ടത്തിൽ പരമാവധി സീറ്റുകൾ നേടേണ്ടതുണ്ട്. ബി.ജെ.പിയുടെ മുഖ്യ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി വികസന ഗ്യാരന്റിയുമായി രാജ്യമെമ്പാടും റാലികളും റോഡ് ഷോകളും നടത്തി. രാമക്ഷേത്രമടക്കം വിഷയമാക്കി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റടക്കം ചൂണ്ടിക്കാട്ടി ഇ.ഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ പ്രചാരണ വിഷയം. തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുമുയർത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവർ നിരവധി യോഗങ്ങളിൽ പങ്കെടുത്തു.

സംസ്ഥാനങ്ങൾ, സീറ്റുകൾ

തമിഴ്‌നാട്- 39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മദ്ധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര- 5 വീതം, ബിഹാർ-4, പശ്ചിമ ബംഗാൾ-3, അരുണാചൽ, മണിപ്പൂർ, മേഘാലയ-2 വീതം, ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ജമ്മു കാശ്‌മീർ, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ- ഒരു സീറ്റ് വീതം.

16.63 കോടി

വോട്ടർമാർ

1625

സ്ഥാനാർത്ഥികൾ