കളം മാറി ഗയ പി​ടി​ക്കാൻ മാഞ്ചി​

Friday 19 April 2024 12:34 AM IST

ന്യൂഡൽഹി​: ഗൗതമ ബുദ്ധനു ബോധോധയം ലഭി​ച്ച, ഹി​ന്ദു തീർത്ഥാടന കേന്ദ്രമായ ബീ​ഹാറി​ലെ ഗയയിൽ ജിതൻ റാം മാഞ്ചിയെന്ന നേതാവിന്റെ രാഷ്ട്രീയ ഭാവിയാണ് ഇപ്പോൾ ചർച്ചാവിഷയം. മുഷഹർ വിഭാഗത്തിൽ നിന്നുള്ള മാഞ്ചി,​ സംസ്ഥാനത്തെ സ്വാധീനമുള്ള ദളിത് നേതാവാണെങ്കിലും എങ്ങും സ്ഥിരമായി നിൽക്കാറില്ല. ബീഹാറിൽ അദ്ദേഹം പ്രവർത്തിക്കാത്ത പാർട്ടികളില്ല. വിജയം മാത്രം മുന്നിൽക്കണ്ടാണ് ഇക്കുറി എൻ.ഡി.എ ബാനറിൽ മത്സരിക്കുന്നത്.

1980ൽ കോൺഗ്രസിലൂടെ രാഷ്‌ട്രീയത്തിൽ പ്രവേശിച്ച ജിതൻ മാഞ്ചി ഗയയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചന്ദ്രശേഖർ സിംഗ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. 1990ലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ലാലു പ്രസാദിന്റെ രാഷ്‌ട്രീയ ജനതാദളിലെത്തി (ആർ.ജെ.ഡി). ലാലുവിന്റെയും പിന്നീട് ഭാര്യ റാബ്രി ദേവിയുടെയും മന്ത്രിസഭകളിൽ അംഗമായി. ശേഷം അദ്ദേഹത്തിന്റെ എതിരാളിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിലേക്ക് കളം മാറി. പിന്നീട് നിതീഷിന്റെ വിശ്വസ്‌തനായി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നിതീഷ് രാജിവച്ചപ്പോൾ മുഖ്യമന്ത്രി പദത്തിലെത്തി. പത്തുമാസം കഴിഞ്ഞ് നിതീഷ് മുഖ്യപദം തിരികെ ചോദിച്ചപ്പോൾ കൊടുത്തില്ല. പിന്നെ പുറത്താക്കി. അതേത്തുടർന്ന് ജെ.ഡി.യുവിട്ട് സ്വന്തമായി രൂപം നൽകിയ ഹിന്ദുസ്ഥാൻ അവാമി മോർച്ചയുടെ (എച്ച്.എ.എം) നേതാവായി. ഒറ്റയ്‌ക്ക് ക്ളച്ചു പിടിക്കാതിരുന്ന മാഞ്ചി പിന്നീട് എൻ.ഡി.എയിൽ ചേർന്നു.

ഗയ ലോക്‌സഭ മണ്ഡലത്തിൽ 2014ൽ ജെ.ഡി.യുവിന്റെയും 2019ൽ എച്ച്.എ.എമ്മിന്റെയും സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും തോറ്റു. കഴിഞ്ഞ തവണ ജയിച്ച ജെ.ഡി.യുവിന്റെ വിജയ്,​ മാഞ്ചിക്കു പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്‌തു. മണ്ഡലത്തിലുള്ള സ്വാധീനം കണക്കിലെടുത്താണ് എൻ.ഡി.എ വീണ്ടും ടിക്കറ്റ് നൽകിയത്. നിതീഷ് എൻ.ഡി.എയിൽ മടങ്ങിയെത്തിയതിനാൽ ജെ.ഡി.യു വോട്ടും ലഭിക്കും.

ജിതൻ മാഞ്ചിയുടെ പഴയ ലാവണമായ ആർ.ജെ.ഡിയിലെ കുമാർ സർവജീതാണ് എതിരാളി. ദളിത് വിഭാഗമായ പാസ്വാൻ സമുദായക്കാരനും ഗയ മേഖലയിൽ സ്വാധീനമുള്ള നേതാവുമാണ്. ബോധ ഗയയിൽ നിന്നുള്ള എം.എൽ.എയായ അദ്ദേഹം മഹാമുന്നണി സർക്കാരിൽ ടൂറിസ്റ്റ്മന്ത്രിയായിരുന്നു. പരമ്പരാഗതമായി പാർട്ടികളെ മാറിമാറി ജയിപ്പിക്കാറുള്ള മണ്ഡലമാണ് ഗയ. കോൺഗ്രസും ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവും പിന്നീട് ജനതാളുമെല്ലാം ജയിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ ഇന്നാണ് വോട്ടെടുപ്പ്.

2019ലെ ഫലം

വിജയ് മാഞ്ചി (ജെ.ഡി.യു): 4,67,007 (48.79%)

ജിതൻ റാം മാഞ്ചി (എച്ച്.എ.എം): 3,14,581 (32.86%)

Advertisement
Advertisement