തമിഴ് മക്കൾ ഇന്ന് ബൂത്തിലേക്ക്
ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് തമിഴ്നാടും വിധിയെഴുതും. കൊടുംചൂടിൽ അണയാത്ത ആവേശവുമായാണ് സ്ഥാനാർത്ഥികൾ പ്രചാരണം പൂർത്തിയാക്കിയത്. 39 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മിക്കയിടത്തും ത്രികോണമത്സരമാണ്. വിളവംകോട് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പും ഇന്നുനടക്കും. ചെന്നൈ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകളുള്ളത്- 3,726.
തിരുവള്ളൂർ (3,687), സേലം (3,260), കോയമ്പത്തൂർ (3,096), ചെങ്കൽപെട്ട് (2,825), മധുര (2,751) തുടങ്ങിയ ജില്ലകളാണ് തൊട്ടുപിന്നിൽ. മയിലാടുതുറ, നീലഗിരി, നാഗപട്ടണം, പെരമ്പലൂർ, അരിയലൂർ എന്നീ ജില്ലകളിൽ ആയിരത്തിൽ താഴെ ബൂത്തുകൾ മാത്രമാണുള്ളത്.
തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ യോഗം, പ്രകടനം എന്നിവ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹു അറിയിച്ചു. ടിവി, റേഡിയോ, വാട്സാപ് പോലുള്ള സമൂഹമാദ്ധ്യമങ്ങൾ, എസ്.എം.എസ്, എന്നിവ വഴി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. സംഗീത പരിപാടി, നാടകം തുടങ്ങിയ വിനോദോപാധികൾ വഴിയുള്ള പ്രചാരണവും പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ടുവർഷം തടവോ പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കും.
സംസ്ഥാനത്തെ ടാസ്മാക് മദ്യശാലകൾ ഇന്നും വോട്ടെണ്ണൽ ദിനമായ ജൂൺ 4നും പ്രവർത്തിക്കില്ല. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്കുകളിലെ മദ്യശാലകൾക്കും ഇത് ബാധകമാണ്. സംസ്ഥാനത്തെ തിയേറ്ററുകളും ഇന്ന് അടച്ചിടും.
സ്ഥാനാർത്ഥികൾ: 950
വോട്ടർമാർ: 6.23 കോടി
പുരുഷന്മാർ: 3.06 കോടി
സ്ത്രീകൾ: 3.17 കോടി
ട്രാൻസ്‌ജെൻഡർ: 8,467
കന്നിവോട്ടർമാർ: 1.23 കോടി