സുരക്ഷ കടുക്കും, തർക്കം ആവർത്തിക്കുമോ?

Friday 19 April 2024 12:20 AM IST

തൃശൂർ: പൂരത്തിന് ഇന്നേവരെ കാണാത്ത കനത്ത സുരക്ഷയൊരുക്കി പൊലീസ് നിയന്ത്രണം കടുപ്പിച്ചതോടെ സംഘർഷസാദ്ധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം സുരക്ഷാ സന്നാഹങ്ങൾ പാളുകയും അനിവാര്യമല്ലാത്ത നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തതോടെ ദേവസ്വങ്ങളും പൊലീസും തമ്മിൽ ഇടഞ്ഞിരുന്നു. പൂരം കാണാനെത്തിയവർക്ക് നേരെ ചരിത്രത്തിലാദ്യമായി പൊലീസ് ലാത്തിവീശിയത് വൻ പ്രതിഷേധത്തിനും കാരണമായി.

കുടമാറ്റ സമയത്ത് ജനത്തെ വടംകെട്ടി നിയന്ത്രിക്കേണ്ടതും, വടം അഴിച്ചുമാറ്റി ജനത്തെ പ്രവേശിപ്പിക്കേണ്ടതും ഉദ്യോഗസ്ഥർക്ക് വിശദീകരിച്ച് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനത്തിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തെക്കോട്ടിറക്കം നടക്കുന്ന തെക്കെഗോപുരനടയിലും പരിസരത്തുമാണ് ഏറ്റവും തിരക്കിന് സാദ്ധ്യതയുള്ളത്.

ആനകളുടെ 6 മീറ്റർ അകലത്തിൽ ജനങ്ങളെ നിറുത്തിയുളള കർശന സുരക്ഷാ സംവിധാനമാണ് നടക്കുക. സാമ്പിളിന്റെ മുന്നോടിയായി നഗരത്തിൽ സ്ഥാപിച്ച ബാരിക്കേഡ് സംവിധാനവും കടുത്ത സുരക്ഷ വ്യക്തമാക്കുന്നതായിരുന്നു. തെക്കെഗോപുരനടയ്ക്കു മുൻവശം മുതൽ സ്വരാജ് റൗണ്ട് വരെ വടം കെട്ടിയുറപ്പിക്കാൻ രണ്ടുവശത്തായി തൂണുകൾ നാട്ടിയിരുന്നു. ആനകളുടെ അടുത്തേക്ക് ജനമെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുള്ളതിനാൽ സുരക്ഷാ ക്രമീകരണം ഇനിയും കർശനമാക്കേണ്ടി വരുമെന്ന നിലപാടിലാണ് പൊലീസ്.

Advertisement
Advertisement