പള്ളിക്ക് നേരെ സാങ്കല്പിക അമ്പ് തൊടുത്ത് ബിജെപി സ്ഥാനാർത്ഥി, കടുത്ത പ്രതിഷേധം

Friday 19 April 2024 11:50 AM IST

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ബിജെപി സ്ഥാനാർത്ഥി പള്ളിക്കുനേരെ സാങ്കല്പിക അസ്ത്രം തൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധവും ശക്തമായി. ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൊമ്പെല്ല മാധവി ലതയാണ് പുലിവാലുപിടിച്ചത്. ഘോഷയാത്രയിൽ വാഹനത്തിന് മുകളിൽ നിൽക്കുന്ന കൊമ്പെല്ല മാധവി പള്ളിക്കുനേരെ അമ്പ് എയ്യുന്നതുപോലെ കൈകൾ കൊണ്ട് കാണിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. രാമനവമി ആഘോഷവേളയിൽ സംഘർഷം ഉണ്ടാവാതിരിക്കാൻ പള്ളി വെള്ളത്തുണികൊണ്ട് മറച്ചിരുന്നു. ഇതിലേക്ക് അമ്പ് എയ്യുന്നതായാണ് സ്ഥാനാർത്ഥി കാണിക്കുന്നത്.

എതിർ സ്ഥാനാർത്ഥിയായ അസദുദ്ദീന്‍ ഒവൈസിയാണ് വീഡിയോയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. 'തെലങ്കാനയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണ്. അവർ എന്താണ് ചെയ്യുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഹൈദരാബാദിലെ യുവാക്കളോട് ഞാൻ ആവശ്യപ്പെടുകയാണ്. ഹൈദരാബാദിന്റെ സമാധാനത്തിനായി നിങ്ങളുടെ വോട്ട് വിനിയോഗിക്കുക' എന്നായിരുന്നു ഒവൈസി പറഞ്ഞത്. ബിജെപി സ്ഥാനാർത്ഥി പള്ളിയാേട് കാണിച്ച ആംഗ്യം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) വക്താവ് പറയുന്നത്. സംഭവം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടികളും അവർ ആരംഭിച്ചിട്ടുണ്ട്.

വീഡിയോ വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി സ്ഥാനാർത്ഥി രംഗത്തെത്തിയിട്ടുണ്ട്. 'നെഗറ്റീവിറ്റി സൃഷ്ടിക്കാൻ എന്റെ ഒരു വീഡിയോ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു അപൂർണ വീഡിയോയാണ്. ആ വീഡിയോ കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' കൊമ്പെല്ല മാധവി എക്സിൽ കുറിച്ചു.

എന്നാൽ സ്ഥാനാർത്ഥി മാപ്പുപറയേണ്ട ആവശ്യമില്ലെന്നാണ് ബിജെപി അനുയായികൾ പറയുന്നത്. ഘോഷയാത്രയ്‌ക്കിടയിലും പള്ളി കാണുന്നതിന് മുമ്പും അവർ ഇത്തരം ആംഗ്യങ്ങൾ പലതവണ കാണിച്ചു. അപ്പോൾ പള്ളിയെ ലക്ഷ്യംവച്ചാണെന്ന് എങ്ങനെ പറയാൻ കഴിയും എന്നാണ് അവർ ചോദിക്കുന്നത്. ഇത്തരത്തിലൊരു വീഡിയോയോ അതിനെക്കുറിച്ചുള്ള പരാതിയോ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്.

Advertisement
Advertisement