ജീവൻ അപകടത്തിലാക്കുന്ന വിഷവസ്‌തു,​ സിംഗപ്പൂരിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഫിഷ് മസാലയ്ക്ക് വിലക്ക്

Friday 19 April 2024 2:37 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എവറസ്​റ്റ് ഫിഷ് കറി മസാലയുടെ വിപണനം നിർത്തിവയ്ക്കണമെന്ന് സിംഗപ്പൂർ. ഹോങ്കോംഗിലെ സെന്റർ ഫോർ ഫുഡ് ആൻഡ് സേഫ്​റ്റി ഏജൻസിയാണ് ഉത്തരവിട്ടത്. മസാലയിൽ ശരീരത്തിന് ഹാനീകരമായ രാസവസ്തുവായ എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മസാല ഇറക്കുമതി ചെയ്യുന്നതിൽ മേൽനോട്ടം വഹിക്കുന്ന എസ് പി മുത്തയ്യ ആൻഡ് സൺസ് പ്രൈവ​റ്റഡ് ലിമി​റ്റഡിനോട് സിംഗപ്പൂരിലെ വിവിധ വിപണന കേന്ദ്രങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരികെ വിളിക്കാനുളള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്കും കീടങ്ങളുടെ നശീകരണത്തിനും ഉയർന്ന അളവിൽ ഉപയോഗിക്കുന്ന എഥിലീൻ ഓക്‌സൈഡ് ഭക്ഷണ ഉൽപ്പന്നങ്ങളിൽ ചേർക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

മസാലകളിലുളള ഈ വസ്തുവിന്റെ സാന്നിദ്ധ്യം മനുഷ്യര്യൽ കടുത്ത ആരോഗ്യപ്രതിസന്ധിക്ക് ഇടയാക്കുമെന്നും ഏജൻസി പറയുന്നു. മസാല ഉപയോഗിച്ചുളള ഭക്ഷണം കഴിച്ചവർ അടിയന്തരമായി ആരോഗ്യവിദഗ്ദ്ധരെ സമീപിച്ച് ആരോഗ്യനില മനസിലാക്കണമെന്നും ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉൽപ്പന്നം വാങ്ങിച്ച സ്ഥലങ്ങളിൽ ബന്ധപ്പെടാമെന്നും അറിയിപ്പുണ്ട്. അതേസമയം, ഉൽപ്പന്നത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ എവറസ്റ്റ് ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല.