ലോക്‌സഭ തിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടിൽ വോട്ടിംഗ് ശതമാനം 40 കടന്നു, ബംഗാളിലും മണിപ്പൂരും അക്രമസംഭവങ്ങൾക്കിടയിലും കനത്ത പോളിംഗ്

Friday 19 April 2024 3:35 PM IST

ചെന്നൈ: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് രാജ്യത്ത് ആരംഭിച്ച് പകുതി സമയം കഴിയുമ്പോൾ ആകെ പോളിംഗ് 36.96 ശതമാനമായി. തമിഴ്‌നാട്ടിൽ പോളിംഗ് 40 ശതമാനം കടന്നു. ഇതോടൊപ്പം പുതുച്ചേരിയിൽ ഒരു മണിവരെ 45 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ പരമ്പരാഗത വൈരികളായ എ.ഐ.എ.ഡി.എം.കെയ്‌ക്കെതിരെ മാത്രമല്ല ഇത്തവണ ദക്ഷിണേന്ത്യയിൽ സ്വാധീനശക്തിയാകാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ കൂടെയാണ് ഇത്തവണ തമിഴ്‌നാട്ടിലെ മത്സരം.

ബംഗാളിലും മണിപ്പൂരിലും തിരഞ്ഞെടുപ്പിനിടെ ആക്രമണം നടന്നു. മണിപ്പൂരിൽ ഒരിടത്ത് പോളിംഗ് ഓഫീസർ ബൂത്ത് പൂട്ടി. ബംഗാളിലെ കൂച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മണിപ്പൂരിലെ ബിഷ്‌ണുപൂരിലെ ഒരു പോളിംഗ് സ്റ്റേഷനിൽ വെടിവയ്‌പ്പ് നടന്നു. ഇംഫാൽ ഈസ്റ്റിൽ ഒരു പോളിംഗ് സ്റ്റേഷൻ അക്രമികൾ തകർത്തു.

തമിഴ്‌നാട് ഗവർണർ ആർ.എൻ രവി പത്നിയോടൊപ്പം ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചെന്നൈയിൽ വോട്ട് ചെയ്‌തു. കരൂറിലാണ് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ വോട്ട് ചെയ്‌തത്. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് പരിശോധിച്ചാൽ 53.04 ശതമാനം വോട്ട് രേഖപ്പെടുത്തിയ ത്രിപുരയാണ് ഇപ്പോൾ മുന്നിലുള്ളത്. ബംഗാളിൽ 50.96 ശതമാനം വോട്ടിംഗ് നടന്നു. മേഘാലയ 48.91 ശതമാനം, മണിപ്പൂർ 46.92, ആസം 45.12, മദ്ധ്യപ്രദേശ് 44.43,നാഗാലാന്റ് 43.62, ജമ്മു കാശ്‌മീർ 43.11 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ വോട്ടിംഗ് ശതമാനം. ഒരു മണിവരെയുള്ള കണക്കെടുത്താൽ 29.91 ശതമാനം മാത്രം വോട്ടിംഗ് നടന്ന ലക്ഷദ്വീപിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്.

Advertisement
Advertisement