'കോയമ്പത്തൂരിൽ ഡിഎംകെയും എഐഎഡിഎംകെയും ഇറക്കിയത് 1000 കോടി'; ബിജെപിക്ക് ചരിത്ര വിജയം ഉറപ്പെന്ന് അണ്ണാമലൈ

Friday 19 April 2024 4:30 PM IST

കോയമ്പത്തൂർ: തമിഴ്നാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും 1000 കോടി രൂപ ചെലവഴിച്ചെന്ന് ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ.കോയമ്പത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അണ്ണാമലൈ കരൂർ ഗ്രാമത്തിലെ ഉതുപ്പട്ടി പോളിംഗ് ബൂത്തിൽ എത്തി വോട്ട് ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ആരോപണം ഉന്നയിച്ചത്.

'തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് ജൂൺ നാലിന് ചരിത്ര വിജയമുണ്ടാകുമെന്നതിൽ ആത്മവിശ്വാസമുണ്ട്. ബിജെപിയുടെ സീ​റ്റുകളുടെ എണ്ണം മുൻപുളളതിനെക്കാൾ വർദ്ധിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടത്തിയ പ്രസംഗങ്ങളിലൂടെ സംസ്ഥാനത്ത് ബിജെപിയുടെ മൂല്യം ഉയർന്നു. തമിഴ്നാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ്. കർണാടകയിലെ അവസ്ഥയും സമാനമായിരിക്കും. തെലങ്കാനയിലും വിജയിക്കാൻ പോകുന്നത് ബിജെപി തന്നെയാണ്.

ഇത്തവണ തമിഴ്നാട്ടിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കും. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലഘട്ടം ഇതോടെ കഴിഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ കോയമ്പത്തൂരിൽ മാത്രമായി ഇരുപാർട്ടികളും ആയിരം കോടിയാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിനായി ബിജെപി സ്വാധീനിച്ചിട്ടുണ്ടെന്ന് ഏതെങ്കിലും ഒരു വ്യക്തി മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്താൻ തയ്യാറാണെങ്കിൽ അന്ന് താൻ രാഷ്ട്രീയ കുപ്പായം അഴിച്ചുവയ്ക്കാം'- അണ്ണാമലൈ പറഞ്ഞു.

കോയമ്പത്തൂരിൽ ഡിഎംകെ സ്ഥാനാർത്ഥി ഗണപതി പി രാജ്കുമാറിനും എഐഎഡിഎംകെ സ്ഥാനാർത്ഥി സിംഗൈ രാമചന്ദ്രനുമെതിരെയാണ് അണ്ണാമലൈ മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 39 സീ​റ്റുകളിലേക്കാണ് തമിഴ്നാട്ടിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Advertisement
Advertisement